'ഉത്തരായനം കണ്ടിട്ടുണ്ടോ?' ഈ ചോദ്യം കേട്ട് കായംകുളം ബസ് സ്റ്റാൻ്റിൽ കോട്ടയത്തിനു ബസ്സുകാത്തു നിന്ന എം പി ജോസഫ് എന്ന ജോയി തിരിഞ്ഞു നോക്കിയത് അവിസ്മരണീയവും ജനകീയവുമായ അനേകം ഗാനങ്ങളുടെ
സൃഷ്ടാവാകുവാൻ പോകുന്ന ഒരു അതുല്യപ്രതിഭയുടെ മുഖത്തേക്കായിരുന്നു എന്നറിഞ്ഞു കൊണ്ടായിരുന്നില്ല.
ഡൈനാമിക് കമ്യൂൺ ഫോർ ലിബറേഷൻ എന്ന ജനകീയസംഘത്തിൽ പ്രവർത്തിച്ചിരുന്ന ജോയിയെ അന്വേഷിച്ച് ജയപാലൻ
കായംകുളം പുതുപ്പള്ളിയിലെത്തിയതും സംഘം
ജയപാലൻ്റെ സംഗീത വൈഭവത്തിൽ ആകൃഷ്ടരായതും അദ്ദേഹം സംഘത്തിൻ്റെ സഹയാത്രികനായതും
പിന്നീടുള്ള ചരിത്രം.
മയ്യനാട് സ്വദേശിയായ ജയപാലൻ തദ്ദേശീയവും ജനപ്രീതിയാർജിച്ചതുമായ ഇലവൻ സ്റ്റാർസ് ഓർക്കസ്ട്ര ട്രൂപ്പിൻ്റെ പേരുകേട്ട ഗായകനായി അറിയപ്പെട്ടിരുന്ന കാലത്താണ് ഡൈനാമിക് ആക്ഷൻ സംഘവുമായി ബന്ധമെടുന്നത്. സംഘത്തിൻ്റെ കലാസാംസ്ക്കാരിക വിഭാഗത്തിൽ ബാബു കുമരകം, ജോൺസൺ കുമരകം, സി ജെ കുട്ടപ്പൻ എന്നിവരോടൊപ്പം ചേർന്ന് ജനകീയഗാനങ്ങൾ സൃഷ്ടിയ്ക്കുകയും അവ കേരളത്തിലങ്ങോളമിങ്ങോളം പ്രചരിപ്പിക്കുകയും ചെയ്യുന്ന ശ്രമകരമായ ദൗത്യത്തിൽ അദ്ദേഹം ഉൾച്ചേരുകയും ചെയ്തു.
കാർഷിക മേഖലയിൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന കൂലിയോ, സമയം ക്ലിപ്തതയോ അന്ന് നാരങ്ങനത്തെ നേൽപ്പാടങ്ങളിൽ പണിയെടുത്തിരുന്നവർക്ക് ലഭിച്ചിരുന്നില്ല. കൂടാതെ ദരിദ്ര- ദളിത വിഭാഗത്തിലെ പണിയാളുകൾ പൊതുവെയും അവരുടെ സ്ത്രീകൾ പ്രത്യേകിച്ചും വളരെ അധമമമായ പീഡനങ്ങൾക്കും വിധേയരായിക്കൊണ്ടിരുന്നു. ഇതിനെതിരെ സംഘം നടത്തിവന്ന പോരാട്ടങ്ങളുടെ മുഖത്ത് വിവിധ ഗാനങ്ങൾ രചിക്കപ്പെടുകയും അവയ്ക്കു സംഗീതം പകർന്നുനൽകുകയും ആലപിക്കുകയും ചെയുന്നതിൽ ജയപാലൻ നേതൃത്വം നൽകി. 'പാറപോലായിരം പണിയാളുകൾ' എന്നഗാനത്തിന്റെ ഈണവും സ്വതന്ത്ര മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണ പ്രവർത്തനത്തിലും അതിന്റെ സമര പോരാട്ടങ്ങളിലും ഇടപെട്ടുകൊണ്ട് രൂപപ്പെടുത്തിയ 'ചെമ്മുകിലേ ഓടിവരു' - 'മാനത്തുമേലാപ്പിൽ വെട്ടൻതെളിഞ്ഞേ ' തുടങ്ങിയ ഗാനങ്ങളും എടുത്തുപറയേണ്ട ഉദാഹരണങ്ങളാണ്.
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ രണ്ടാംപാതിയോടെ ഡൈനാമിക് ആക്ഷൻ സംഘം ജനകീയഗാനശില്പശാലകൾ സംഘടിപ്പിക്കുവാൻ തുടങ്ങി. അതിലൂടെ ഒട്ടനവധി ജനകീയഗാനങ്ങൾ രചിയ്ക്കപ്പെടുകയും നിരവധിഗാനങ്ങൾക്ക് ജയപാലൻ ഈണം പകരുകയും ചെയ്തു.
എഴുതപ്പെട്ട വരികളെ വെട്ടിമുറിയിക്കാതെ, തിരുത്തിയെഴുതാതെ പാട്ടിൻ്റെ പശ്ചാത്തലവും വികാരവും ഉൾക്കൊണ്ട് നിമിഷനേരം കൊണ്ട് സംഗീതം നിർവ്വഹിക്കാൻ സാധിച്ചിരുന്ന അപൂർവ്വപ്രതിഭയായിരുന്നു ജയപാലൻ.
പ്രസന്നവദനനും സംസാര പ്രിയനുമായിരുന്ന അദ്ദേഹം സംഘഗാനങ്ങൾ പഠിപ്പിയ്ക്കാനും ഗാനങ്ങൾ മനോഹരമായി അവതരിപ്പിയ്ക്കാനും നൈപുണ്യമുള്ള വ്യക്തിയായിരുന്നു.
ജനകീയഗാനമേഖലയിൽ ഗൗരവമായി ഉൾപ്പെട്ടുതുടങ്ങിയതിനു ശേഷം അദ്ദേഹം ഗാനമേളകൾക്ക് പാടുന്ന പതിവ് നിർത്തുകയും ചെയ്തു.
ജനകീയഗാനങ്ങളും അതിന്റെ ഈണവും താളവും, പ്രതിസന്ധിനേരിടുന്ന സമൂഹത്തിന്റെ ചെറുത്തുനിൽപ്പിനും സമര മുന്നേറ്റങ്ങൾക്കും ആക്കംകൂട്ടുന്നു എന്നുമാത്രമല്ല, ആ സംഗീതവും താളവുംതന്നെ പോരാട്ടത്തിന്റെ പെരുമ്പറയായും പോരാട്ടമായും മാറുന്നു എന്ന സംഘത്തിന്റെ കാഴ്ചപ്പാടിനോട് ചേർന്ന് അദ്ദേഹം നിലപാടെടുക്കുകയുമായിരുന്നു.
ജനകീയ ഗാനങ്ങളെയും ജനകീയ സംഗീതത്തെയും ആജീവനാന്തം ഉപാസിച്ച ജയപാലൻ ആകാലത്തിൽത്തന്നെ രോഗബാധിതനായി മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണമില്ലാത്ത നൂറുകണക്കിന് ഗാനങ്ങൾ ഇന്നും ജനകീയ പോരാട്ടങ്ങളിൽ അനേകർ ഏറ്റുപാടുന്നു.