അണയാത്ത പാട്ടിന്റെ ദീപനാളം
ചുറ്റിനും ഇരുൾ പരക്കുന്ന ചരിത്രസന്ധികളിലെല്ലാം ആരൊക്കെയോ തിരി തെളിച്ച് ലോകത്തെ പ്രകാശപൂർണ്ണമാക്കിയതിനു, കാലം സാക്ഷി.ഒരു പാട്ടുകൊണ്ട് ഒരു സാക്ഷ്യസമൂഹത്തിൽഒരു തിരിനാളം പോലെ അടയാളപ്പെടുക എന്നത് ജീവിത നിയോഗമല്ലാതെ മറ്റെന്ത്?
SCM ൽ വരുന്നതിനു മുൻപ് തന്നെ കവിതയുടെ കനൽ ഉള്ളിൽ മിന്നിയിരുന്നെങ്കിലും എഴുത്തിന്റെ ഒരു അരുവി എന്നിൽ നിന്ന് ഒഴുകിയത് 90കളിൽ ആണ്.
തിരുവല്ല പെണ്ണമ്മ ഭവനം കേന്ദ്ര മാക്കിയുള്ള ജീവിതം, എത്രയോ തിരിച്ചറിവുകളുടെയും ഉത്സാഹങ്ങളുടെയും കാലമായിരുന്നു എന്ന് ആഹ്ലാദത്തോടെ ഇന്നോർക്കുന്നു.
സന്ദേഹികളായ ഒട്ടേറെ ചെറുപ്പക്കാരുടെയും അനേകം മനുഷ്യ സ്നേഹികളുടെയും പ്രിയപ്പെട്ടവാനായിരുന്ന ഡോ. എം. എം. തോമസിന്റെ മരണം ഏവർക്കും തീരാ സങ്കടമായി. ആ ഭവനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച SCMകാരിലും അദേഹത്തിന്റെ മറ്റെല്ലാ സഹയാത്രികരിലും ആ വേർപാട് കടുത്ത നിരാശ പടർത്തി..
M M നോടൊത്തുള്ള പെണ്ണമ്മ ഭവനത്തിലെ എന്റെ ജീവിതം വെളിച്ചങ്ങളുടെ ഒട്ടേറെ വഴിത്താരകളാണ് എനിക്കു കാട്ടിത്തന്നത്. MM നെപ്പോലെയുള്ള ക്രിസ്ത്യാനികൾ ലോകത്തിലുണ്ടല്ലോ എന്ന തിരിച്ചറിവ് എന്റെ ക്രൈസ്തവ ജീവിതത്തെ ധൈര്യപ്പെടുത്തി.ക്രൈസ്തവ സാക്ഷ്യനിർവഹണ ത്തെക്കുറിച്ച് ഞാനും വേവലാതിപ്പെട്ടു.
M M ന്റെ മരണത്തിനു ശേഷം ഒരു വല്ലാത്ത ശൂന്യതയും മൗനവും ഞങ്ങളിൽ പടർന്നു. എന്റെ പിതാവ് മരണപ്പെട്ടപ്പോൾ ഉണ്ടായതു പോലെയുള്ള ഒരു ഉലച്ചിൽ കൊണ്ട് ഞാൻ ബലഹീനന്നായി.
പിന്നീട്, ഒരു കമ്മ്യൂണിറ്റി ജീവിത പരീക്ഷണവുമായി ഒരു സംഘം SCM കാർ മുന്നോട്ടു വന്നു. ജോസ് പീറ്റർ, സിബി ഈശോ,മജു വർഗീസ്, വർഗീസ് കോശി, സന്തോഷ് ജോർജ്, ഷിജു സാം വർഗീസ്, എന്നിവരോടൊപ്പം ഞാനും പെണ്ണമ്മ ഭവനത്തിൽ, ഡോ. എം. എം. തോമസിനോട് ഒപ്പമുണ്ടായിരുന്നതു പോലെ തുടർന്നു.. ആക്കാലത്തു തിരുവല്ല CSS എഡിറ്ററു മായിരുന്നു, ഞാൻ.
എം എം ൻ്റെ മരണശേഷം,അദേഹത്തിന്റെ ദർശനങ്ങളെ ആദരിക്കുന്ന, അതിനെ പിൻപറ്റുന്ന അനേകർ ആ കമ്മ്യൂണിറ്റി പ്രവർത്തനത്തെ ആശയോടെ വീക്ഷിച്ചു... എന്നിട്ടും പല തലങ്ങളിൽ ആ സംഘവും സന്ദേഹികളുടെ കുഴമറിച്ചിലുകളിൽ പെട്ടുഴറി... ഇരുൾ വന്നു പാതയിൽ മൂടുകയാണോ എന്ന് പലപ്പോഴും വേദനപ്പെട്ടു.
ആ സമയത്ത് ചരൽക്കുന്നിൽ വെച്ച് ഒരു എകുമെനിക്കൽ സമ്മേളനം നടക്കുന്നു. ഞങ്ങളിൽ കുറെ പേർ അതിൽ പങ്കെടുക്കുകയാണ്. സിബി ഈശോ, വർഗീസ് കോശി, തോമസ് ബി, ഫിലിപ്പ് മാത്യു, മജു വർഗീസ് എന്നിവരൊക്കെ ഉണ്ടെന്ന് ഓർക്കുന്നു. അവിടെ നടന്ന പ്രഭാഷണങ്ങളൊന്നും എന്നെ സ്പർശിച്ചില്ല. ഞാൻ ഒരു മൂകവേദനയിൽ വെറുതെ ഇരിക്കുകയാണ്. രാത്രിയിൽ ഒരു സെഷൻ ഇടയിൽ, കറന്റ് പോയ നിമിഷത്തിലാണ് ഒരു "ദീപ നാളം തെളിക്കൂ..." എന്ന വരി എന്നിലേക്ക് എത്തുന്നത്.. ചരൽക്കുന്നിലെ ആ വലിയ സെമിനാർ ഹാളിൽ വെച്ച് വളരെ വേഗത്തിൽ ആ പാട്ടിന്റെ വരികൾ എഴുതിത്തീർത്തു.
ഒരു ദീപനാളം തെളിക്കൂ..
കണ്ണിൽ
ഒരു സൂര്യബിംബം നിറയ്ക്കൂ...
ഇരുൾ വന്ന് മൂടിയോ പാതയിൽ?
ഇന്നു കരിമേഘം വന്നുവോ കൺകളിൽ..?
അരുതേ പ്രിയ തൊഴരേ..
തളരാതെ പരസ്പരം നിറയാം...
ഒഴുകാം...
പുലരി വരും...
പിന്നീട് ഒരു വാക്ക് പോലും മാറ്റാതെ, തിരുത്താതെ സന്തോഷച്ചാൻ അതിന് ഈണം നൽകി. പെണ്ണമ്മ ഭവനത്തിൽ നടന്ന അനുസ്മരണകൂടിവ
രവിൽ അവതരിപ്പിച്ചു.
പ്രതീക്ഷ നഷ്ടപ്പെടുമ്പോഴും തളരാതെ ഒന്നിച്ചു നിൽക്കാനുള്ള വിളി എന്നിൽ നിന്ന് മുഴങ്ങിയത് അങ്ങനെ യാണ്. ഏതു പ്രതിസന്ധിയിലും പ്രത്യാശയുടെ തിരി നാം തെളിയിക്കും എന്ന സ്വപ്നമാണ് ഇന്നും എന്നെ പുലർത്തുന്നത്.
പരസ്പരം നിറയാം പുലരി വരും എന്ന പ്രത്യാശ ഇന്നും അനേകർക്ക് കരുത്തു പകരുന്നു എന്നുള്ളത് എത്രയോ ആനന്ദകരമാണ്. അനേകർക്ക് ഊർജം പകർന്നു കൊണ്ട് ആ ദീപനാളം ഇനിയും ഏരിയട്ടെ.