'നിൻ ഹിതം ചെയ്തിടാൻ'
തീവണ്ടി യാത്രകൾ എനിക്കിഷ്ടമാണ്. ബസ് യാത്രയെ അപേക്ഷിച്ച് കുലുക്കമില്ലാത്ത സ്വച്ഛന്ദമായ യാത്ര. സൈറസ് സാർ നേതൃത്വത്തിൽ റായ്പൂരിൽ പ്രവർത്തിക്കുന്ന ആവാസിൽ ചേരുന്നതിനുള്ള തീരുമാനമാണ് ഈ ദീർഘയാത്രകളുടെ ആരംഭമെന്നു പറയാം. റായ്പൂറിലേക്കുള്ള യാത്ര ദീർഘ യാത്രയായിരുന്നു. പലപ്പോഴും നാഗ്‌പൂർ വരെ കേരള എക്സ്പ്രസ്സിലും പിന്നീട് ഛത്തീസ്ഗഢ് എക്സ്പ്രസ്സിലും മാറിക്കയറിയുള്ള രണ്ടു ദിവസത്തോളം നീണ്ട യാത്ര. ഈ യാത്ര കൂട്ടുകാരോടൊപ്പമാണെങ്കിൽ പാട്ടുപാടി ആഘോഷിച്ചാവും. തനിച്ചാണെങ്കിൽ പുസ്തങ്ങളാകും കൂട്ട്.
എസ് സി എം പ്രോഗ്രാം സെക്രട്ടറിയായിരുന്ന ജെ ജോൺ സാർ തന്ന നിക്കോസ് കസാൻദ് സാക്കീസിന്റെ ആത്മകഥ 'Report to Greco’ യാത്രകളിൽ ഞാൻ പലയാവർത്തി വായിച്ച പുസ്തകമാണ്. വിദ്യാർത്ഥി ക്രൈസ്തവ പ്രസ്ഥാനത്തിലൂടെയും മറ്റും ക്രിസ്തീയ ദൗത്യത്തിന്റെ സംഗതമായ പരിപ്രേക്ഷ്യങ്ങൾ തേടുന്നതിന് ഉൾപ്രേരണ ലഭിച്ച ഒട്ടേറെ യുവാക്കളെ അക്കാലത്ത് കസാൻദ് സാക്കീസിൻ്റെ എഴുത്തുകൾ സ്വാധീനിച്ചിരുന്നു. അത്തരം സമർപ്പിതരായ യുവാക്കളുടെ കൂട്ടായ്മകൾ പകർന്ന വിശ്വാസ ബോദ്ധ്യങ്ങളാണ് എന്നെ നാഗ്പൂരിലേക്കും അവിടെ നിന്നും റായ്പൂരിലേക്കുമുള്ള തീവണ്ടിയിൽ എത്തിച്ചത്.
ഈ പുസ്തകത്തിൽ കസാൻദ് സാക്കീസ് മൂന്ന് ആത്മാക്കളുടെ പ്രാർത്ഥന ഉൾപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്
• ദൈവമേ, ഞാൻ നിന്റെ കൈയ്യിലെ വില്ലാണ് എന്നെ ഉപയോഗിച്ചാലും അല്ലാത്ത പക്ഷം ഞാൻ തുരുമ്പിച്ചു പോകും.
• ദൈവമേ, ഞാൻ നിന്റെ കൈയ്യിലെ വില്ലാണ്. എന്നെ അല്പം കരുതലോടെ ഉപയോഗിക്കുക. അല്ലെങ്കിൽ ഞാൻ ഒടിഞ്ഞുപോകും.
• ദൈവമേ, ഞാൻ നിന്റെ കൈയ്യിലെ വില്ലാണ്. എന്നെ യഥേഷ്ടം ഉപയോഗിച്ചു കൊള്ളൂ. നിന്റെ കൈകളിൽ ഞാൻ തകർന്നാലും എന്റെ ജീവിതസാഫല്യം തന്നെയാണ്. ഈ ചിന്തയാണ് 'നിൻ ഹിതം ചെയ്തിടാൻ' എന്ന ഗാനത്തിന്റെ അടിസ്ഥാനം.
കസൻദ് സാക്കീസ് ഈ പുസ്തത്തിൽ പറയുന്നുണ്ട്. അവനെ (ക്രിസ്തുവിനെ) പിൻതുടരണമെങ്കിൽ അവന്റെ കഷ്ടാനുഭവങ്ങളെ നാം ആഴമായി ഉൾക്കൊള്ളണം. നിണമണിഞ്ഞ കാല്പാടുകൾ പതിഞ്ഞ കുരിശിന്റെ പാത പൊരുതുന്ന ഓരോ മനുഷ്യനും കടന്നുപോകേണ്ട പാതയാണ് കുരിശെടുത്ത് മലകയറുകയും ക്രൂശിയ്ക്കപ്പെടുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നതിനുവേണ്ടി. യേശു എന്ന മനുഷ്യപുത്രനെ ഇത്ര തീവ്രവും മനോഹരവുമായി ആവിഷ്കരിച്ച മറ്റൊരു എഴുത്തുകാരനുണ്ടോ എന്നറിയില്ല.
ഈ പാട്ട് എഴുതുന്നത് 1990 കളുടെ തുടക്കത്തിൽ ഞാൻ ഒറീസ്സയിലെ കലഹണ്ടി ജില്ലക്കാരനായ ശങ്കർ മഹാനന്ദിനോടൊരുമിച്ച് റായ്പൂരിൽ നാടകപ്രവർത്തനം നടത്തുന്ന കാലത്താണ്. ഞങ്ങൾ സൈറസ് സാറിന്റെ സംഘത്തിൽ പരസ്പരം പരിചയപ്പെടുകയും കലാപരമായ താത്പര്യങ്ങളാൽ ഒരുമിച്ച് കൂടുകയും ചെയ്തു. ആവാസ് സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ഭൂരഹിത കർഷകർക്കുവേണ്ടിയുള്ള കേസുകൾക്കും അവരുടെ യൂണിയൻ പ്രവർത്തനങ്ങൾക്കുമാണ് മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ ശങ്കറും ഞാനും പാട്ടിലൂടെയും കലാരൂപങ്ങളിലൂടെയുമുള്ള സാംസ്ക്കാരിക പ്രവർത്തനം ചെയ്യണമെന്നാഗ്രഹിച്ചു. സംഘത്തിന്റെ അനുവാദത്തോടെ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിയ്ക്കുവാൻ തീരുമാനിച്ചു. ശങ്കർ നല്ലൊരു സംഗീതജ്ഞനായിരുന്നു. ഒപ്പം ഒറീസയിലെ പരമ്പരാഗതകലാരൂപങ്ങളായ ഗീതിനാട്യ, സാംബൽപൂരി നാചാ എന്നിവയിലും ആദിവാസി നൃത്ത രൂപങ്ങളിലും നല്ല അവഗാഹമുണ്ടായിരുന്നു. ഗാനങ്ങൾ രചിയ്ക്കുവാനും സംഗീതം ചെയ്യുവാനും, ഹാർമ്മോണിയം, ഡോലക്ക്, തബല തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുവാനും ശങ്കറിന് നല്ല കഴിവുണ്ടായിരുന്നു. ഛത്തീസ് ഗഢി, ഒറിയ, കുയി, ഹിന്ദി മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകൾ ശങ്കർ അനായാസം ഉപയോഗിച്ചിരുന്നു.
ആയിടെയ്ക്കാണ് ജനകീയ നാടകപ്രവർത്തകനായ സഞ്ജയ് ഗാംഗുലിയെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ നാടകക്കളരികളിൽ പങ്കെടുക്കുന്നതും സ്റ്റാനിസ്ളാവിസ്കിയുടെ നാടകസങ്കേതങ്ങളിലധിഷ്ഠിതമായാണ് അന്ന് അദ്ദേഹം തന്റെ നാടകങ്ങൾ രൂപപ്പെടുത്തിയത്. പിൽക്കാലത്ത് അദ്ദേഹം അഗസ്തോ ബോലിന്റെ 'മർദ്ദിതരുടെ നാടകവേദി' (Theatre of oppressed) യുടെ ഇന്ത്യയിലെ മുഖ്യപ്രയോക്താവായി മാറി. മിഡ്നാപ്പൂരിലെ ഭൂരഹിത കർഷകരുടെ ജീവിത പോരാട്ടങ്ങളെ കണ്ണിചേർത്തുകൊണ്ട് അന്ന് അദ്ദേഹം അവതരിപ്പിച്ച നാടകങ്ങൾ ഞങ്ങളെ വളരെയധികം സ്വാധീനിച്ചു. അക്കാലത്ത് നാടകാചാര്യനായ ഹബിബ് തന്വീറിന്റെ 'ചരൺ ദാസ് ചോർ', ദേഖ് രഹേഹേ നൈന' എന്നീ നാടകങ്ങൾ കാണാനിടയായതു ഞങ്ങളുടെ നാടക ചിന്തകളെ ദീപ്തമാക്കി.
ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം സഞ്ജയ്ദാ രാജ്നന്ദഗാവിൽ വരികയും മൂന്നുദിവസത്തെ നാടകശില്പശാല നടത്തുകയും ചെയ്തു. പതിനഞ്ചോളം പേർ ഈ ശില്പശാലയിൽ പങ്കെടുക്കുകയും ഭൂരഹിത കർഷകരെക്കുറിച്ചു ഒരു നാടകം ശില്പശാലയിൽ രൂപപ്പെടുത്തുകയും അത് ക്ഷണിയ്ക്കപ്പെട്ട ഗ്രാമീണരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
ആ ദിനങ്ങളിലൊന്നിൽ കേരളസ്വതന്ത്ര മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവ് ഫാദർ ടോം കോച്ചേരി ഞങ്ങളെത്തേടിയെത്തി. ദില്ലിരാജറയിലെ ഖനിത്തൊഴിലാളികളുടെ നേതാവായിരുന്ന
Credits
Lyrics & Music: Santhosh George Joseph
Singers: Riya Elsa Johnson, Smitha Merin Thomas, Biji Saji, Juby Shibu, Jeevan K Babu, Dipin Thengumpallil, Akash Philip Mathew, Babu Kodamvelil and Santhosh George Joseph
Music Programming: Anil BS
Studio: Pattupetti Studio, Chengannur
Camera: Joel Jogy & Anto Santhosh
Visual concept, Video editing and colour grading: Jeevan K Babu