ആ ഭാവഗംഗയൊഴുകിടട്ടെ'
കൽക്കത്ത നഗരം എനിക്കെന്നും ഒരു വിസ്മയനഗരമായിരുന്നു. 1980 കളിൽ അവിടെ ഞാൻ ആദ്യമായി പോയത് ബിഷപ്പ്സ് കോളജിൽ വച്ചുനടന്ന എസ്.സി.എം. പരിപാടിയിൽ പങ്കെടുക്കുവാനാണ്. കൽക്കത്തയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഗംഗാനദിയും (ഹുഗ്ളി നദി) അതിനു കുറുകെയുള്ള ഹൗറപാലവുമാണ്. ഗംഗാനദിയുടെ അക്കരെയിക്കരെ ബോട്ടിൽ യാത്ര ചെയ്ത ഓർമ്മകൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുകയാണ്. ബസ്സിൽ യാത്രചെയ്യുമ്പോൾ പലപ്പോഴും ഗതാഗതക്കുരുക്കിൽപ്പെട്ട് ദീർഘനേരം ഹൗറ പാലത്തിൽ കാത്തുകിടക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം അതിരില്ലാതെ പരന്നൊഴുകുന്ന ഗംഗാനദിയും അതിന്റെ ഒത്തനടുവിൽ ഉയർന്നു നിൽക്കുന്ന ഹൗറപാലവും ഗംഗാനദിയുടെ മാറിലൂടെ തെന്നിനീങ്ങുന്ന യാത്രപാത്രങ്ങളും എന്നെ വല്ലാതെ അതിശയിപ്പിച്ചിട്ടുണ്ട്.
വെസ്റ്റ് ബംഗാൾ എസ്.സി.എം. പ്രോഗ്രാം സെക്രട്ടറിയും സുഹൃത്തുമായ സുദീപ്തോ സിംഗ് വാങ്ങിത്തന്ന ഹാർമ്മോണിയവും, രബീന്ദ്രസംഗീതത്തിന്റെയും കൽക്കത്ത യൂത്ത് കൊയറിന്റെയും കാസറ്റുകളും എന്നെ പ്രചോദിപ്പിച്ചിരുന്നു. കൽക്കത്ത പ്രസിഡന്റ്സി കോളജിൽ വച്ചു നടത്തപ്പെട്ട വിപുലമായൊരു ജോൻസംഗീത് (ജനകീയ ഗാന) മേളയിൽ പങ്കെടുത്ത് ഓർക്കുന്നു. എസ്.സി.എമ്മിന്റെ ആഭിമുഖ്യത്തിൽ പത്ത് ഭാഷകളിലുള്ള ഗാനങ്ങളുടെ ഓഡിയോ കാസറ്റ് നിർമ്മിച്ചപ്പോൾ അതിലുൾപ്പെടുത്തിയ 'ഓയി ഉജ്ജലോ ദിൻ' എന്ന ബംഗാളിഗാനം സലിൽ ചൗധരിയുടെ സംഗീത സംവിധാനത്തിൽ കൽക്കത്ത യൂത്ത് കൊയർ അവതരിപ്പിച്ച ഗാനമായിയിരുന്നു. കൽക്കത്തയിലെ ഒരു സ്റ്റുഡിയോയിൽ എസ്.സി.എം അംഗങ്ങൾ പാടി ആ ഗാനം റിക്കോർഡ് ചെയ്തതും ഓർമ്മയിലുണ്ട്.
എസ്.സി.എം. കാലഘട്ടത്തിനുശേഷം വീണ്ടും കൽക്കത്തയിലെത്തുന്നത് ജനകീയനാടക പ്രവർത്തകനായ സഞ്ജോയ് ഗാംഗുലിയുമായുള്ള ബന്ധത്തിലായിരുന്നു. 1990 ൽ സരോഷ് കോശിയുമൊത്തു ഞാൻ നാഗ്പൂരിൽ നിന്ന് കൽക്കത്തയിലെത്തുകയും, എസ്.സി.എം. സുഹൃത്തായ ജയൊന്തോ ചൗധരിയുടെ വീട്ടിൽ താമസിക്കുകയും, ബാദുവിലെ ജനസംസ്കൃതി സെൻററിൻ്റെ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ആ മേളയിൽ വച്ചാണ് ഞങ്ങൾ ആദ്യമായി ബാവുൽ ഗായകരുടെ ആലാപനം കേൾക്കുന്നത്.
സഞ്ജോയ് ഗാംഗുലിയുടെ നാടകക്കളരികളിൽ പങ്കെടുക്കുവാൻ റായ്പൂരിൽ നിന്ന് വീണ്ടും ഞാൻ കൽക്കത്തയിലേക്ക് തിരികെ വന്നുകൊണ്ടിരുന്നു. ബാദൽ സർക്കാരിന്റെയും അഗസ്തോ ബോലിന്റെയും നാടകക്കളരികളിൽ പങ്കെടുക്കാനും പിന്നീട് കൽക്കത്ത നഗരം എനിക്കു വഴി തുറന്നുതന്നു.
കൽക്കത്തയിലൂടെയുള്ള യാത്രകളിൽ ഹൗറാപാലത്തിലൂടെയുള്ള യാത്രയും ആവർത്തിച്ചുകൊണ്ടിരുന്നു. ബസ്സിന്റെ ജാലകത്തിലൂടെയുള്ള ആകാശക്കാഴ്ചകളുടെ ഏതോ നിമിഷത്തിലാണ് ആ ഭാവഗംഗയെന്ന ഗാനം എന്നിൽ രൂപപ്പെടുന്നത്. ആ കാലഘട്ടത്തിന്റെ നിരന്തരമായ സഞ്ചാരങ്ങളും സമ്പർക്കങ്ങളും പകർന്നുതന്ന ഉൾക്കാഴ്ചകളാണ് ഈ ഗാനത്തിന്റെ ഊർജ്ജം.
ശാപഗ്രസ്തയായ ഭൂമിയുടെ നിണമുണങ്ങാത്ത ചുടലപ്പറമ്പുകളിലേക്ക്, നമ്മിലൂടെ ആ ഭാവഗംഗയൊഴുകിപ്പരക്കട്ടെ എന്നൊക്കെ ചിന്തിക്കാൻ എന്റെ കൊച്ചു മനസ്സിനു ധൈര്യം പകർന്ന സുമനസ്സുകളെ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു.
1992ൽ ഈ ഗാനമുൾപ്പെടെ 'പാടാമൊന്നായ് ' പാട്ടുപുസ്തത്തിലുൾപ്പെട്ട പത്ത് ഗാനങ്ങൾ ഓഡിയോ കാസറ്റിൽ ഇറങ്ങിയത് കൊച്ചുമോന്റെ (സഹോദരൻ ഡോ: ജോർജ്ജ് മാത്യൂ) ഇടപെടൽ മൂലമാണ്. ഹോമിയോ കോളജിലെ തന്റെ സഹപാഠിയും ഗിറ്റാറിസ്റ്റുമായ അനിൽ ബിഎസിനെ അവൻ എനിക്കു പരിചയപ്പെടുത്തി. അനിൽ കീബോർഡിസ്റ്റായ ബാബു ജോസിനെ ബന്ധപ്പെടുത്തി. അവർ ഇരുവരുടെയും സഹായത്തോടെ ടെന്നിസന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ പാടാമെന്നായ് ഗാനങ്ങൾ റിക്കോർഡ് ചെയ്തു. അന്ന് 'ആ ഭാവഗംഗ' പാടിയത് കൊച്ചുമോൻ ആയിരുന്നു. കാലങ്ങൾക്കുശേഷം പാടാമെന്നായ് വെബ്സൈറ്റിനായി കൊച്ചുമോൻ ഈ ഗാനം ഒരിക്കൽക്കൂടി പാടിയപ്പോൾ മനസ്സ് കുളിർത്തു. കൊച്ചുമോൻ തന്നെ വീണ്ടും ഈ ഗാനം പാടണമെന്നു നിർദ്ദേശിച്ചത് ബാബു കോടംവേലിയാണ്.
ഏറ്റവുമൊടുവിൽ കൽക്കത്തയിൽ പോയത് 1999 ൽ സുനിലയുടെ പിതാവ് സെറാംപൂർ കോളജിൽ പ്രവർത്തിക്കുമ്പോഴാണ്. സംഗീതിനോടും സുനിലയോടുമൊത്ത് രബീന്ദ്രസംഗീതം മണക്കുന്ന കൽക്കത്ത തെരുവിലൂടെ, ഗംഗയുടെ നിശ്ശബ്ദ സംഗീതത്തിന് കാതോർത്ത്, പഴയ ഓർമ്മകളുടെ വളപ്പൊട്ടുകൾ തിരഞ്ഞ് വീണ്ടും നടന്നു.
"ആഭാവഗംഗയൊഴുകിടട്ടെ നമ്മിലൂടെ ജീവന്റെയുറവുകൾ തുറന്നിടട്ടെ" ഈ വരികൾ എം. ജെ. ജോസഫ് അച്ചന്റെ കല്ലറയിൽ കൊത്തിവച്ചിട്ടുണ്ട്. അത് എന്റെ ജീവിതത്തിലെ അപൂർവ്വഭാഗ്യമായി ഞാൻ കാണുന്നു.
സന്തോഷ് ജോർജ് ജോസഫ്
Credits
Lyrics & Music: Santhosh George Joseph
Sung by Dr. George Mathew
Background music composed by Babu Jose
Music Programming: Anil BS
Studio: Pattupetti Studio, Chengannur
Camera: Jean Nettar
Visual concept, Video editing and colour grading: Jeevan K Babu