'ഉണർന്നു പാടിടാം'
'ഉണർന്ന് പാടിടാം അനുദിനവും ക്രൂശിതിലുയരും ആത്മയാഗം' എന്ന ഗാനം എഴുതുന്നതിനും ഈണം പകരുന്നതിനും പ്രചോദിതമാക്കപ്പെട്ട സന്ദർഭം ഇവിടെ കുറിക്കട്ടെ.
ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ (എസ് സി എം) വളർന്നുവന്ന കാലഘട്ടം. വളർച്ചയുടെ വ്യത്യസ്തമായ ഒരു സാഹചര്യം, ഏറെ വെല്ലുവിളികൾ നിറഞ്ഞ സന്ദർഭം. വചനത്തോടും സുവിശേഷത്തോടുമുള്ള അഭിമുഖീകരണവും വിശ്വാസ ജീവിതത്തെയും സമകാലീന കാലഘട്ടത്തെയും എങ്ങനെ ഗൗരവപൂർവ്വം സമന്യയിപ്പിക്കാമെന്ന ചിന്തയും ജീവിതത്തെ തന്നെ വെല്ലുവിളിക്കുന്നതും ജീവിതത്തിന് അർത്ഥം പകരുന്നതുമായിത്തീർന്നു.
അത്തരത്തിലുള്ള ഒരു കാലഘട്ടത്തിലാണ് ഇത്തരം പാട്ടുകൾ രൂപപ്പെടുന്നതിന് ഇടയായിട്ടുള്ളതെന്ന് ഈ സന്ദർഭത്തിൽ ഓർക്കുന്നു. തുടർജീവിതം എവിടെയാണ് പ്രതിഷ്ഠിക്കപ്പെടേണ്ടത് എന്നത് ആത്മനിഷ്ഠമായ ഒരു വെല്ലുവിളിയായി. ക്രിസ്തുവിൽ പ്രതിജ്ഞാബദ്ധമായി സമൂഹത്തിന് പ്രയോജനകരമായി ഏത് മേഖലയാണ് തിരഞ്ഞെടുക്കപ്പെടേണ്ടത് എന്നത് ഏറെ ഗൗരവമായി ചിന്തിക്കപ്പെടുന്ന നിമിഷങ്ങളായി.
ഈ കാലഘട്ടത്തിലാണ് ഒരുപറ്റം സുഹൃത്തുക്കൾ മധ്യപ്രദേശിലും ഒറീസയിലും ഒരു അന്വേഷണ തൽപ്പരതയോട് കൂടെ പുറപ്പെടുന്നതിനും അവിടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി തീരുന്നതിന് ഇടയായത്. ഈ സാഹചര്യത്തിൽ ആ പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അഡ്വ. പി എ സൈറസ് സാറിൻ്റെ നേത്യത്വത്തിൽ മധ്യപ്രദേശിലെ റായ്പൂരിലും ഒറീസ്സയിലെ ഉർളാദാനിയിലും നടന്ന പ്രവർത്തനങ്ങളുടെ പ്രചോദനം ഈ ഗാനം എഴുതുന്നതിന് പ്രചോദകമായി തീർന്നു എന്ന് ഓർക്കുന്നു. പല പ്രതീകങ്ങളും ആ സന്ദർഭത്തിൽ നിന്ന് രൂപപ്പെട്ട് വന്നിട്ടുള്ളതാണ്. അക്കാലത്ത് മാർത്തോമ്മാ സ്റ്റുഡൻസ് കോൺഫറൻസിന്റെ ചരൽക്കുന്ന് കൂടിവരവുകൾക്ക് നേതൃത്വം നൽകിയത് പ്രൊഫസർ സാം ഫിലിപ്പ് സാറായിരുന്നു. സാറിന്റെ ഒരു പ്രചോദനവും ഈ ഗാനത്തിൽ പിന്നിലുണ്ടെന്നുള്ളത് എടുത്തുപറയട്ടെ. കോൺഫറൻസിന് പാട്ടുകൾ രൂപപ്പെടേണ്ടതിന്റെ ആവശ്യകത സാർ ഓർമപ്പെടുത്തുക ഉണ്ടായി. ഈ ഗാനം സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ തീം സോങ്ങായി സ്വീകരിച്ചു.
അന്ന് ആ സമ്മേളനത്തിന് ചിന്താവിഷയമായി സ്വീകരിക്കപ്പെട്ടത് ക്രൂശിൽ വെളിപ്പെടുത്തപ്പെട്ട അനുരഞ്ജനം എന്നതുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് ഈ പാട്ടിന്റെ ഇതിവൃത്തവും ഏതാണ്ട് അതൊക്കെ തന്നെയാണ്. അതിന് ആധാരമായ സ്വീകരിക്കപ്പെട്ട വേദഭാഗം എഫേസ്യർ രണ്ടാം അധ്യായം 14 മുതൽ 17 വരെയുള്ള വാക്യങ്ങളാണ്. "അവൻ നമ്മുടെ സമാധാനം. അവൻ ഇരുപക്ഷത്തേയും ഒന്നാക്കി ക്രൂശിൽ ശത്രുത്വം ഇല്ലാതാക്കി. വേർപാടിന്റെ നടുചുവർ ഇടിച്ചു കളഞ്ഞ് ദൈവത്തോടുള്ള അനുരഞ്ജനം അന്വർത്ഥമാക്കി". മനുഷ്യ കേന്ദ്രീതമായ വികസനം ദൈവം മനുഷ്യ പ്രകൃതി ബന്ധങ്ങൾക്ക് ഉലച്ചിൽ സൃഷ്ടിക്കുകയും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും താളം ആകെ തകർക്കുകയും ചെയ്തു. തന്മൂലം രോഗാതുരമായ ഭൂമി വിണ്ടുകീറി വരണ്ട് ഉണങ്ങിയ ഭൂമിയും , ഒരിറ്റു തീർത്ഥം തേടി സ്ത്രീകൾ ഒക്കത്ത് കുടവുമായി എത്രയോ ദൂരം താണ്ടിയാണ് തങ്ങളുടെ ദാഹജലം തേടിയത്. ഈ വരണ്ട് ഉണങ്ങിയ ഭൂമിയും കുടവുമായി തീർത്ഥം തേടുന്ന സ്ത്രീകളും ഒറീസയിലെയും മധ്യപ്രദേശിലെയും അക്കാലത്തെ പ്രധാനപ്പെട്ട കാഴ്ചയായിരുന്നു. പ്രകൃതിയുടെ രോദനം മനുഷ്യരാശിയോടുള്ള വെല്ലുവിളിയും ഉത്തരവാദിത്വവുമാണ്.
ഇരയാക്കപ്പെടുന്നവരുടെ അടയാളമാണ് ക്രൂശ്. അത് അനുരഞ്ജനത്തിന്റെയും വീണ്ടെടുപ്പിന്റെയും അടയാളവുമാണ്. ക്രൂശ് ആത്മസമർപ്പണത്തിന്റെയും ജീവിത സാക്ഷാത്കാരത്തിന്റയും അടയാളമാണ്. അത് ലോകത്തിന് പ്രത്യാശ പകരുന്ന അനുഭവമാണ്. വേർപാടുകളുടെ ഘടനകളെ നീക്കി രോഗാതുരമായ ഭൂമിയുടെ മുറിവുകളിൽ സാന്ത്വന ലേപനം ആയി മാറുക ക്രിസ്തുവിൽ പുതുതാക്കപ്പെടുന്ന മനുഷ്യന്റെ ഉത്തരവാദിത്വവും മനുഷ്യത്വവുമാണ്. നീതിപൂർവ്വകമായ ഒരു സമൂഹത്തിൻ്റെ നിർമ്മിതിയാണ് പ്രത്യാശയുടെ പ്രവർത്തനം. അതിനായി സമർപ്പിക്കേണ്ടതിൻ്റെ അനിവാര്യതയെ സൂചിപ്പിക്കപ്പെടുന്നതാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം.
റവ. അലക്സാണ്ടർ വർഗ്ഗീസ്
(Rev Alexander Varughese Biography already with you in Manassundenikku song)
Credits
Lyrics & Music: Rev Alexander Varghese
Music Programming : Anil BS
Singers: Riya Elsa Johnson, Smitha Merin Thomas, Biji Saji, Juby Shibu, Jeevan K Babu, Dipin Thengumpallil, Akash Philip Mathew, Babu Kodamvelil and Santhosh George Joseph
Studio: Pattupetti Studio, Chengannur
Camera: Joel Jogy & Anto Santhosh
Visual concept, Video editing and colour grading: Jeevan K Babu