“അനർഘ സ്നേഹോപഹാരമായി”
എന്റെ അച്ചാച്ചൻ (പിതാവ്) രചിച്ച ഗാനങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ് “അനർഘ സ്നേഹോപഹാരമായി” എന്നു തുടങ്ങുന്ന ഗാനം. അതിലെ “വിനീതനായ് ഞാൻ തരുന്നെന്നെയിതാമരിച്ചിടാൻ നിൻ ഹിതനിവർത്തിക്കായ്”എന്ന ഭാഗം കേൾക്കുമ്പോൾ എന്റെ ഓർമ്മയിലേയ്ക്ക് ആദ്യം കടന്നു വരുന്നത് അച്ചാച്ചനും ആത്മസുഹൃത്തായിരുന്ന സൈറസങ്കിളും (അഡ്വ. പി.എ. സൈറസ്) തമ്മിൽ നടന്ന ഒരു സംഭാഷണമാണ്.
എന്റെ നാലാംക്ലാസ് അവസാനിച്ച അവധിക്കാലത്തായിരുന്നു അത്. അക്കാലത്ത് അച്ചാച്ചൻ ഡീപ്പർ ലൈഫ് ഫെലോഷിപ്പ് എന്ന പ്രാർത്ഥനാ ഗ്രൂപ്പിൽ സജീവമായി പ്രവർത്തിക്കുകയും സൈറസ് അങ്കിളുമായി ചേർന്ന് വട്ടവട, കണ്ണമ്പടി, താളംകണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ പോയി താമസിക്കുകയും ആളുകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തുവന്നിരുന്നു.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിക്കുന്നതിനായി തന്റെ ഹൈസ്ക്കൂൾ അദ്ധ്യാപനത്തിൽ നിന്ന് അച്ചാച്ചൻ സ്വയം വിരമിച്ചത് അതിനു തൊട്ടുമുൻപായിരുന്നു. അന്നവർ സംസാരിച്ച കാര്യങ്ങൾ പൂർണ്ണമായൊന്നും എനിക്ക് മനസ്സിലായില്ല. എന്നാൽ അവർ പറഞ്ഞ ഒരു കാര്യം എനിക്കു മനസ്സിലായി. “കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. ഒരുപക്ഷേ നമ്മിൽ പലരുടെയും ജീവൻ വരെ നൽകേണ്ടി വന്നേക്കാം, എങ്കിലും നമ്മൾ പോകുന്നു” ഇതു കേട്ടിട്ട് എന്റെ അച്ചാച്ചൻ മരിച്ചുപോകുമോ എന്ന് ഞാനന്ന് പേടിച്ചതോർക്കുന്നു.
അച്ചാച്ചൻ വലിയ ഒരു കവിയോ ഗായകനോ ചിത്രകാരനോ ഒന്നും ആയിരുന്നില്ലെങ്കിലും ആന്തരിക സംഘർഷങ്ങളുടെ സമയത്തും പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകി ഒറ്റയ്ക്കിരിക്കുമ്പോഴും ചിലവരികൾ കുത്തിക്കുറിക്കുന്നതും ചില കാർട്ടൂണുകൾ വരയ്ക്കുന്നതും പതിവായിരുന്നു. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെയും വചനപഠനത്തിന്റെയും ധ്യാനത്തിന്റെയും പുന:പ്രതിഷ്ഠയുടെയും അവയിലൂടെയൊക്കെ ഉരുത്തിരിഞ്ഞു വന്ന ദർശനത്തിന്റെയും സൂചനകൾ ഈ കുറിപ്പുകളിൽ കാണാമായിരുന്നു.
മനുഷ്യരാകുവാൻ കഴിയാതെ പുഴുക്കളെപ്പോലെ ജീവിക്കേണ്ടി വരുന്ന, നിശ്ശബ്ദരാക്കപ്പെട്ട സഹജീവികളുടെ ശബ്ദമാകുവാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുവാനുള്ള സ്വയം തെരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിൽ കുറിച്ച വരികളാണ് “അനർഘ സ്നേഹോപഹാരമായി” എന്ന ഗാനം. അർത്ഥവത്തായ ക്രൈസ്തവ ജീവിതം ആഗ്രഹിക്കുന്നവർക്ക്, ഇതെഴുതിയ 1980 കളുടെ തുടക്കത്തിലെപ്പോലെ അത്ര തന്നെ പ്രസക്തമാണ് ഇന്നും ഈ വരികൾ. കേരളാ എസ്. സി. എം. ന്റെയും മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസിന്റെയും വേദികളിൽ യുവജനങ്ങൾ ഇന്നും ഈ ഗാനം നെഞ്ചേറ്റുന്നു.അഡോർ ആവാസ് ഫെലോഷിപ്പിന്റെ ഭാഗമായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഒപ്പമുണ്ടായിരുന്ന, ഇതേ ദർശനങ്ങൾ പങ്കുവച്ചിരുന്ന സന്തോഷച്ചാച്ചനാണ് (ശ്രീ. സന്തോഷ് ജോർജ് ജോസഫ്) ഈ വരികൾക്ക് ഈണം നൽകിയത്.
അജ മേരി ഏബ്രഹാം
Credits
Lyrics: S K Abraham
Music: Santhosh George Joseph
Music Programming: Akash Philip Mathew
Singers: Riya Elsa Johnson, Smitha Merin Thomas, Biji Saji, Juby Shibu, Jeevan K Babu, Dipin Thengumpallil, Akash Philip Mathew, Babu Kodamvelil and Santhosh George Joseph
Studio: Pattupetti Studio, Chengannur
Camera: Joel Jogy & Anto Santhosh
Visual concept, Video editing and colour grading: Jeevan K Babu