സംഘയാത്രയും സ്വപ്നവും
ഈ മണൽക്കാടുകൾ ഈ ചരൽപാതകൾ ഇരുളിന്റെ മേടും കടന്ന്
ഈ സംഘയാത്രയിൽ ഈ ധന്യ വേളയിൽ
ഇതുതന്നെ നമ്മുടെ _സ്വപ്നം
എല്ലാം പൂത്തുലഞ്ഞു_ ല്ലസിച്ചാർക്കുന്ന പുതിയൊരു മഹിത യാം ഭൂമി
ഇരുളുന്ന മേഘ ജാലങ്ങൾ ഒഴിയുന്ന
പുതിയൊരു മഹിതമാം വാനം_
സംഘമായി കണ്ട ഒരു സ്വപ്നത്തിന്റെ സംഗീത ആവിഷ്കാരം ആണ് ഈ ഗാനം.
വിദ്യാർത്ഥി ക്രൈസ്തവ പ്രസ്ഥാനം (SCM )
മറ്റ് പലരുടെയും എന്നപോലെ എന്റെ യും ജീവിതത്തിൽ ചെലുത്തിയ ചെലുത്തിയ സ്വാധീനം
എത്രയോ വലുതാണ്.
ഒരു സർഗ്ഗാത്മക ന്യൂനപക്ഷം ആയിരിക്കുന്നതിന്റെ ഉത്തരവാദിത്വം, ആഹ്ലാദം, സൗന്ദര്യം ഒക്കെ മനസ്സിലാക്കിയത് SCMലൂടെയാണ്.
ഒരേസമയം സമർപ്പണവും സർഗാത്മകതയും
ആവേശവും വൈകാരികതയും ഒക്കെ ചേർന്ന ഒരു സംഘയാത്രയായിരുന്നു SCMനൊപ്പം ഞാൻ പിന്നിട്ട വഴിയനുഭവം.
SCM കൂട്ടായ്മയുടെ ചൂട്ടുവെട്ടത്തിൽ
അന്യോന്യം ഞങ്ങൾ പങ്കിട്ട വിശ്വാസ ദർശനങ്ങൾ, സാമൂഹ്യ വിശകലനങ്ങൾ, വ്യക്തി സംഘർഷങ്ങൾ, ആത്മ സന്ദേഹങ്ങൾ, ഇവയെല്ലാം ഉയർത്തി വിട്ട വെല്ലുവിളികൾ, ഇതിനൊക്കെ ഉത്തരം പറയാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ, സംഭാഷണങ്ങൾ, അതിനിടയിൽ ഞങ്ങളെ കൂട്ടിയോജിപ്പിച്ച
കവിതയുടെയും പാട്ടിന്റെയും സ്നേഹവാത്സല്യങ്ങൾ....
സന്തോഷ് ജോർജും
ഞാനും തമ്മിലുള്ള ബന്ധത്തെ എനിക്കിപ്പോഴും പൂർണ്ണമായും നിർവചിക്കാൻ ആവുന്നില്ല...
അത് സംഗീതത്തിന്റെ ഒരു താമരനൂൽ ബന്ധം മാത്രമാണോ..? അല്ല അതൊരു സമർപ്പണത്തിന്റെ
കെട്ടുപാടാണ്..
ഒരു സംഘയാത്രയുടെ അനുഭവം സമ്മാനിച്ച കാലമാണ് SCM പ്രവർത്തനഘട്ടം, അഥവാ എന്റെ കലാലയ ജീവിതകാലം.
ആ സംഘയാത്ര ഇന്നും വ്യത്യസ്ത രീതിയിൽ തുടരുവാൻ
ഞങ്ങൾക്ക് സാധിക്കുന്നു എന്നുള്ളത് എന്നെ എത്ര മാത്രം ധൈര്യപ്പെടുത്തുന്നെന്നോ..
ആ യാത്രയിൽ ഒരുമിച്ച് കണ്ട എത്രയോ സ്വപ്നങ്ങൾ, ബൈബിൾ പറയുന്ന പോലെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നംകണ്ട
യൗവനം...
1996 ഫെബ്രുവരി 16, 17 തീയതികളിൽ തിരുവല്ലയിലെ ശാന്തിനിലയത്തിൽ വച്ച് വേൾഡ് സ്റ്റുഡൻറ് ക്രിസ്ത്യൻ ഫെഡറേഷൻ അഥവാ WSCF ന്റെ ശതാബ്‌ദി
സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പാട്ട് രചിക്കപ്പെട്ടത്.
ഈ സമ്മേളനത്തിൻ്റെ ഒരുക്കത്തിനായി കേരളത്തിൽ പല സ്ഥലങ്ങളിലായി
SCM കൂടിവരവുകളും പരിശീലനങ്ങളും നടന്നു.തിരുവല്ല YMCA കേന്ദ്രീകരിച്ചായിരുന്നു ഈ സമ്മേളനത്തിൻ്റെ സംഘാടനം നടന്നത്.
അതിനായുള്ള പ്രചരണപരിപാടികൾ, സംഘടനാ പ്രവർത്തനങ്ങൾ ഒക്കെ നടക്കുന്ന വേളയിലാണ് ഈ പാട്ട് എന്നെ തേടിയെത്തിയത്.
അന്നത്തെ യാത്രകൾക്കിടയിൽ എപ്പോഴോ ഈ പാട്ട് രൂപപ്പെട്ടു. തിരുവല്ല വൈ.എം.സി.എ യിൽ വച്ചാണ് ഗാനം പൂർത്തീകരിച്ചതെന്നുള്ളത് വ്യക്തമായി ഓർക്കുന്നു. അന്ന് തന്നെ അത് സന്തോഷച്ചാനെ ഏൽപ്പിച്ചു.അന്നുതന്നെ അതിന്റെ ഈണവും രൂപപ്പെട്ടു.അങ്ങനെ ഏറ്റവും ആഹ്ലാദം പകർന്ന ഒരു സംഗീത
പിറവി നടന്നു.
മണൽക്കാടുകളും ചരൽപ്പാതകളും കടന്നുപോകുന്ന ഒരു സംഘയാത്രയായിട്ടാണ് ഞാൻ അന്നും ഇന്നും SCM പോലെയുള്ള വിശ്വാസ പ്രസ്ഥാനങ്ങളെ, അവരുടെ ധർമ്മത്തെ മനസ്സിലാക്കുന്നത്. അവർ കാണുന്ന ഒരു സ്വപ്നമുണ്ട്...,എല്ലാം പൂത്തുലയുന്ന ഒരു ഭൂമി,
തെളിഞ്ഞ വാനം..
ആഹ്ലാദങ്ങളുടെ ഒരു യുഗം, അതായിരുന്നു ആ സ്വപ്നം..
ഉൾക്കണ്ണിലെ സൂര്യനും, ആത്മാവിലെ കനലും മങ്ങാതെ നിൽക്കാൻ ആഗ്രഹിക്കുന്ന, ആവേശം പകരുന്ന പാട്ടായിരുന്നു ഈ മണൽക്കാടുകൾ... അതിനുവേണ്ടി
ഒരുമയുടെ പുഴയായി ഒഴുകുന്ന, കരുതലിൽ തണലായി നിറയുന്ന ഒരു കൂട്ടായ്മയും സംഘബോധവും ഈ ഗാനം മുന്നോട്ടുവെക്കുന്നുണ്ട്.
ഈ ഗാനത്തിലേക്ക് എന്നെ നയിച്ച ബോധ്യങ്ങൾ,
വെളുവിളികൾ
ഏറ്റെടുക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം, ചേർന്നു പാടുമ്പോൾ അനുഭവിക്കുന്ന ധൈര്യം, ആത്മവിശ്വാസം, എത്രയോ വലുതാണ്.. ഒരുവേള ഞാൻ കരുതുന്നു അത് WSCF സമ്മേളനത്തിനായി എഴുതിയ ഒരു ഗാനം അല്ല,മറിച്ച് എക്കാലത്തെയും പോരാടുന്ന, പൊരുതുന്ന, മാറ്റത്തിനായി തീക്ഷ്ണമായി വാഞ്ചിക്കുന്ന സമൂഹത്തിന്റെ പാട്ടു തന്നെയാണ്..
അതുകൊണ്ടാണ് ഈ ഗാനം SCM ന്റെ കൈകളിൽ നിന്നും വഴുതി അനേകർ ഏറ്റു പാടിയത് എന്നു ഞാൻ കരുതുന്നു.
രക്തരൂക്ഷിതമായ ചെറുത്തുനിൽപ്പുകളിൽ വാടിവീഴുന്നവർക്ക് ആശ്വാസം പകരുന്ന ഗാനമാണ്, ധൈര്യം പകരുന്ന ഗാനമാണ് ഈ മണൽക്കാടുകൾ
നമുക്കുചുറ്റും ഇന്നും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടക്കുന്നുണ്ട് .. ചോരയും കണ്ണീരും നിറയുന്നുണ്ട്.. ഇതിനിടയിൽ പുതിയ ഭൂമിയും പുതിയ ആകാശവും കാണാനുള്ള ആവേശം പകരുന്ന ഈ ഗാനം എല്ലാകാലത്തേക്കും പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യർക്ക്, വിശ്വാസം ഉയർത്തിപ്പിടിക്കുന്ന ജനസമൂഹങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു
അനശ്വരഗാനം ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.
നിറയുന്ന മനസ്സോടെ
വിടരുന്ന കരമോടെ ഒത്തു പാടുന്ന മനുഷ്യകുലത്തെ കുറിച്ചുള്ള സ്വപ്നം പങ്കിടുന്നു.
എക്കാലത്തെയും ഞങ്ങളുടെ സ്വപ്നം അതാണ്....
30 October 2021
ബാബു കോടംവേലിൽ
Credits
Lyrics: Babu Kodamvelil
Music: Santhosh George Joseph
Programming: Akash Philip Mathew
Singers: Riya Elsa Johnson, Biji Saji, Juby Shibu, Jeevan K Babu, Dipin Thengumpallil, Akash Philip Mathew and Santhosh George Joseph
Camera: Joel Jogy & Anto Santhosh
Visual concept, Video editing and colour grading: Jeevan K Babu
Performers: Riya Elsa Johnson, Angelin Mariam Benny, Jeevan K Babu, Dipin Thengumpallil, Akash Philip Mathew and Santhosh George Joseph
Studio: Pattupetti, Chengannur