അനുഗമിപ്പാനാണഭിലാഷം
1988 ലാണ് ഈ ഗാനം പിറവിയെടുത്തത്. ആ കാലത്താണ് മദ്ധ്യപ്രദേശിലെ (ഛത്തിസ് ഗഢിലെ) ആവാസ് സംഘത്തിൽ ചേർന്നു പ്രവർത്തിക്കുവാൻ ഞാൻ ഇറങ്ങിത്തിരിച്ചതും. അങ്ങനെയൊരു തീരുമാനമെടുക്കുന്നതിൽ കേരളത്തിലെ വിദ്യാർത്ഥി ക്രൈസ്തവ പ്രസ്ഥാനവും (എസ്. സി. എം), മാർത്തോമ്മാ സ്റ്റൂഡന്റ്സ് കോൺഫറൻസും എന്നിൽ വലിയ സ്വാധീനം ചെലുത്തി. ഡോ. എം. എം. തോമസ്, റവ. എം. ജെ. ജോസഫ്, ഫാ. സെബാസ്റ്റ്യൻ കാപ്പൻ, ഫാ. തോമസ് കോച്ചേരി, അഡ്വ. പി. എ. സൈറസ്, എസ്. കെ. എബ്രഹാം തുടങ്ങിയ മുതിർന്ന സ്നേഹിതർ വലിയ ദർശനങ്ങളും പ്രചോദനവും പകർന്നു തന്നു. അന്നത്തെ എസ്. സി. എം. പ്രവർത്തകരായ നിരവധി സുഹൃത്തുകളുടെ സ്നേഹവും കൂട്ടായ്മയും ജീവിതത്തിന് പുതിയ ദിശാബോധം നൽകി.
അനുഗമിപ്പാനാണഭിലാഷം എന്ന ഗാനം ആ കാലഘട്ടത്തിൽ വിശ്വാസയാത്രയിൽ ഒന്നിച്ച് സഞ്ചരിച്ച നിരവധിയാളുകളുടെ സമർപ്പണത്തിന്റെ അനുഭവങ്ങളെയും വാക്കുകളെയും ഒന്നിച്ച് ചേർത്തുവച്ചതാണ്. ആരാധനകളിലും ചർച്ചകളിലും സ്വകാര്യ സംഭാഷണങ്ങളിലുമെല്ലാം സുഹൃത്തുകൾ പങ്കുവെച്ച ആശയങ്ങളുടെയും താത്പര്യങ്ങളുടെയും ആകെത്തുകയാണത്. അതൊഴുതി വയ്ക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. കേരള എസ്. സി. എം. തിരുവല്ല സംഘം, ആവാസ് (ഛത്തീസ് ഗഢ്), സി. എസ്. ഐ. യുവജന പ്രസ്ഥാനം, നവീകരണ വേദി എന്നിങ്ങനെ നിരവധി സംഘങ്ങളുടെ അന്വേഷണങ്ങളുടെ ഭാഗമായിട്ടേ 'പാടാമെന്നായ്' സമാഹാരത്തിലെ ഗാനങ്ങളെയും, 'അനുഗമിപ്പാനാണഭിലാഷം' എന്ന ഗാനത്തെയും കാണാൻ സാധിക്കുകയുള്ളു. ജനകീയ വിമോചന വിശ്വാസ പ്രസ്ഥാനത്തിന്റെയും കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി യൂണിയന്റെയും സമരമുഖങ്ങളിൽ പങ്കെടുത്ത അനുഭവങ്ങളും ഈ ഗാനങ്ങൾക്കു ഊർജ്ജം പകർന്നു.
തൊഴിലും ജീവിതസുരക്ഷിതത്വവും രൂപപ്പെടുത്തേണ്ട സമയത്ത്, അവ്യക്തവും വെല്ലുവിളികൾ നിറഞ്ഞതുമായ വഴി തിരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റാണെന്നും പിന്നീട് ഞാൻ അതെക്കുറിച്ച് ദു:ഖിക്കേണ്ടി വരുമെന്നും ചില വ്യക്തികൾ എനിക്കു മുന്നറിയിപ്പ് തന്നിരുന്നു. എന്നാൽ അങ്ങനെയൊരു തീരുമാനത്തിൽ മുന്നോട്ടു പോകാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ഞാൻ കാണുന്നു.
1988 ൽ റായ്പുരിലേക്കുള്ള പുറപ്പാടിനു മുൻപ് എന്റെ ഇടവകപ്പള്ളിയിൽ ഒരു സമർപ്പണ ശുശ്രൂഷ നടത്തുവാൻ യുവജനസഖ്യവും ഗായക സംഘവും തീരുമാനിച്ചിരുന്നു. ആയോഗത്തിന്റെ തയ്യാറെടുപ്പുകൾക്കിടെ ഒരു ദിവസം വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ എന്റെ മനസ്സിൽ രൂപപ്പെട്ട പാട്ടാണ്' ‘അനുഗമിപ്പാനാണഭിലാഷം'. വീട്ടിൽ വന്നശേഷം, ആ വരികൾ കടലാസിലേക്ക് പകർത്തുകയാണുണ്ടായത്. അങ്ങനെ മറ്റൊരു ഗാനവും ഞാൻ എഴുതിയിട്ടില്ല.
ക്രിസ്തീയ ശിഷ്യത്വമെന്നത് വലിയൊരു വെല്ലുവിളിയായി മുന്നിൽ നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിന്റെ ആവിഷ്കാരം കൂടിയാണ് ഈ ഗാനം. ഒന്നാമത്തെ ചരണത്തിൽ ചുടുനിണമണിഞ്ഞ ക്രിസ്തുവിന്റെ കാല്പാടുകളും, മരക്കുരിശുയർത്തിയ മാമലയും ദർശിക്കുന്നു. രണ്ടാമത്തെ ചരണത്തിൽ കുരിശിന്റെ വഴിയിൽ നിന്നു വ്യതിചലിക്കുവിനുള്ള പരീക്ഷകളെ തിരിച്ചറിയുകയും ക്രിസ്തുവിന്റെ പാതയിൽ പുന: സമർപ്പിക്കുകയും ചെയ്യുന്നു.
സന്തോഷ് ജോർജ് ജോസഫ്
5 നവംബർ 2021
Credits
Lyrics, Music and Vocal: Santhosh George Joseph
Original Background Score: Babu Jose
Reprogramming: Anil BS
Video Recording: Anto Santhosh & Joel Jogy
Visual Concept, Video editing and colour grading: Jeevan K Babu
Studio: Paattupetti, Chengannur