കാണാക്കരകേറി: തീരാത്ത തിരയലുകളുടെ പാട്ട്
ഹാപ്പിനസ് ഒരു ഉന്നത മൂല്യമാവുകയും എപ്പോഴും സന്തോഷത്തോടെയിരിക്കാനുള്ള വൈവിദ്ധ്യമാർന്ന പ്രോജക്ടുകളായി ആത്മീയത പരിണമിക്കുകയും ചെയ്ത കാലമാണിത്. പക്ഷേ ഉത്കണ്ഠയും വിഷാദരോഗവും പടരുക തന്നെയാണ്. അഗാധമായ പ്രതിസന്ധികളെയാണ് മനുഷ്യരാശിയും നാം രൂപം കൊടുത്ത മതങ്ങളും ശാസ്ത്രവും അഭിമുഖീകരിക്കുന്നത്. മുതലാളിത്ത ഉത്പാദന വ്യവസ്ഥ പുരോഗതിയെ ദുരന്തത്തിലേക്കുള്ള അതിവേഗയാത്രയാക്കിയിരിക്കുന്നു. ബൗദ്ധിക വേലയെ ശകലീകരിച്ച് കൂട്ടിയിണക്കുന്ന യന്ത്രങ്ങളിലേക്ക് പ്ലഗ്ഗു ചെയ്യപ്പെട്ട മനുഷ്യശരീരങ്ങളുടെ ഫ്രാഗ്മെൻ്റേഷൻ മുമ്പൊക്കെ വിവരിക്കപ്പെട്ട തരത്തിലുള്ളതല്ല. ഇച്ഛയും പ്രജ്ഞയും ശരീരവും അവയുടെ മാനുഷികമായ പരസ്പര ബന്ധങ്ങളിൽ നിന്ന് അടർന്നു മാറിയ സ്ഥിതിയിൽ പ്രവൃത്തികളുടെ ഇടവേളകൾ വിഷാദക്കയങ്ങളാവാതെ വയ്യ.
ഇവിടെയാണ് നവയുഗ ആത്മീയതയുടെ ഓപ്പിയം പ്രിയതരമാവുന്നത്. പാടാമൊന്നായ് ഗാനസമാഹാരം പുറത്തിറങ്ങിയപ്പോൾ അതിൻ്റെ ആമുഖ പഠനത്തിൽ പറഞ്ഞതുപോലെ, 'ഭൗതിക യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള വിസ്മൃതിയിൽ സ്വാസ്ഥ്യം കണ്ടെത്തുന്നവരും' എന്നാൽ 'ആസക്തികളിൽ നിന്ന് മുക്തരല്ലാത്തവരുമായ', ആത്മീയരല്ല ഇന്നുള്ളത്.
വിശ്വാസങ്ങളെ, ചോദ്യം ചെയ്യാത്ത ചില ഉത്തരങ്ങളുടെ ഏറ്റു പറച്ചിലുകളായി മാത്രം കണ്ടവരോടാണ് ചോദ്യങ്ങളുടെയും അന്വേഷണങ്ങളുടെയും നൈതിക വേദന ഏറ്റെടുക്കാൻ അന്ന് ആവശ്യപ്പെട്ടത്; ഘടനാപരമായ തിന്മയെപ്പറ്റിയും പാരിസ്ഥിതിക പ്രതിസന്ധിയെപ്പറ്റിയുമൊക്കെ സംവദിച്ചത്. പക്ഷേ ഇന്ന് ഈ അറിവുകളൊക്കെ പൊതുവിജ്ഞാനത്തിൻ്റെ ഭാഗമാണ്.
തിരിച്ചറിയേണ്ടി വരുന്ന യാഥാർത്ഥ്യത്തിൻ്റെ പൊള്ളലേൽക്കാതെ നിർവികാര ശാന്തതയോടെ അതിൻ്റെ പ്രവാഹവേഗങ്ങളുടെ ഭാഗമാകാൻ മനുഷ്യരെ ഒരുക്കുന്നതാണ് ഇന്നത്തെ നവയുഗ ആത്മീയത. അത് മതത്തിൻ്റെയും മതവിരുദ്ധതയുടെയും ലേബലുകളിൽ ലഭ്യമാണ്. ഇന്നത്തെ ഉപഭോഗ വ്യവസ്ഥ ഉന്നം വയ്ക്കുന്നതാവട്ടെ സുഖാനുഭവം കൊതിക്കുന്ന കേവലാസക്തികളെയല്ല; മൂല്യങ്ങളിലേക്കും 'ആത്മീയാനുഭൂതി'കളിലേക്കുമാണ് അത് കൈ നീട്ടുന്നത്. പരസ്യങ്ങളിലെ കാറുകൾ ഓടുന്നത് നഗര നിരത്തുകളിലൂടെയല്ല, മണലാരണ്യങ്ങളിലൂടെ, ചതുപ്പുകളിലൂടെ, ത്രസിപ്പിക്കുന്ന സാഹസികാനുഭവങ്ങളുടെ മറ്റു വന്യസ്ഥലികളിലൂടെയുമത്രെ! മരണത്തിൻ്റെ മുനമ്പിലേക്ക് സഞ്ചരിക്കുന്ന തീവണ്ടിയിലിരുന്ന് നിരന്തരം റീ ഇൻവെൻ്റ് ചെയ്തുകൊണ്ടേയിരിക്കുന്നവർക്കും, തീരാത്തിരയലിൽ ഊറി വരുന്ന ജീവിത ചേതനയുടെ പാട്ടുകൾ പാടാനാവും. പക്ഷേ ചുറ്റും നിലവിളികൾ ഉയർന്നു കൊണ്ടേയിരിക്കുന്നത് എന്തുകൊണ്ട് എന്നതിലേക്ക് ആ തിരയൽ തിരിയുമോ?
അതായത് പാട്ടും അതിൽ പതിഞ്ഞ ഈണവും ഒരു പാഠമായി എടുക്കുകയാണെങ്കിൽ അതിൽ നിന്ന് ഓരോ കാലത്തും വായിച്ചെടുക്കുന്ന അർത്ഥവും അതിന്റെ ശക്തിതന്ത്രവും പ്രധാനമാണ്.
1990കളിൽ ഒരു സംഘം യുവാക്കൾ ജീവിതധർമം അന്വേഷിച്ചും വിശ്വാസത്തിൻ്റെ അർത്ഥം തിരഞ്ഞും അസ്വസ്ഥമനസ്സുകളോടെ പാടിയ പാട്ടാണിത്. നീതിയുടെയും സമാധാനത്തിൻ്റയും സാഹോദര്യത്തിൻ്റെയും സ്വപ്നങ്ങളും രാഷ്ട്രീയ പ്രഹേളികകളുമാണ് അവരെ അലട്ടിയത്. വിശ്വാസത്തിന് അവർ നൽകിയ പുതുഭാഷ്യത്തിൻ്റെ വിധ്വംസകമായ യുക്തിയും ഭാഷയും സ്വാംശീകരിച്ചുണ്ടായതാണ് അതിൻ്റെ ഈണത്തിൻ്റെയും ഈരടികളുടെയും കരുത്ത്.
യുക്തിയെയും കാഴ്ചയെയും ഉടച്ചുവാർത്ത്, മുതലാളിത്ത പുരോഗതിയുടെ മായക്കാഴ്ചകൾ തിരസ്കരിച്ചുകൊണ്ട്, യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു ഭൂപടം തീർക്കാൻ സഹായിക്കുന്ന വിശ്വാസങ്ങളാണ് നമുക്കിന്ന് ആവശ്യം. അത്തരം വിമോചകമായ വിശ്വാസങ്ങളിൽ നങ്കൂരമുറപ്പിക്കാത്ത ആത്മീയത എങ്ങനെയാണ് മനുഷ്യാവസ്ഥയുടെ വിഷമസ്ഥിതി തിരിച്ചറിഞ്ഞ് നമ്മുടെ പ്രയാണഗതിയെ തിരുത്തുവാനുള്ള ശക്തി ഉത്പാദിപ്പിക്കുക?
നിലവിളികൾ ഉയരുന്ന ഇരുട്ടിലേക്ക് ആണ്ടിറങ്ങി അണുതോറും നൈതികവേദന പടർത്താൻ തയ്യാറാവുന്നവരാണ് ജീവന്റെ പ്രഭവ സരിത്തിൽ മുങ്ങി നീരാടുന്നത്. അവരുടെ നൊമ്പരങ്ങളുടെ ഇടുങ്ങിയതും ഞെരുങ്ങിയതമായ വഴിയിൽ നിലയുറപ്പിച്ചുകൊണ്ട് വേണം ഈ പാട്ട് ശ്രവിക്കാൻ.
സജി
പി ജോർജ്
Music Programming: Akash Philip Mathew
Video Recording: Anto Santhosh & Joel Jogy
Visual concept, Video editing and colour grading: Jeevan K Babu
Studio: Paattupetti, Chengannur