1991ൽ മാവേലിക്കര ബിഷപ് മൂർ കോളജിൽ പ്രൊഫ. എ.വി. ഇട്ടി പ്രസിഡൻ്റായി നടത്തിയ മാർതോമാ സ്റ്റുഡൻസ് കോൺഫ്രൻസിൻ്റെ പ്രധാന ചിന്താവിഷയം 'Come Holy Spirit and Renew the Whole Creation' എന്നതായിരുന്നു. അത് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (WCC ) ആ വർഷത്തെ സമ്മേളനത്തിൻ്റെ പ്രധാന ചിന്താവിഷയവുമായിരുന്നു.
ജീവൻ നൽകുന്ന ദൈവമേ- സൃഷ്ടിയെ നിലനിർത്തുക, സത്യത്തിൻ്റെ ആത്മാവേ - ഞങ്ങളെ സ്വതന്ത്രരാക്കുക, ഐക്യത്തിൻ്റെ ആത്മാവേ - ജനത്തെ അനുരഞ്ജിപ്പിക്കുക, പരിശുദ്ധാത്മാവേ- ഞങ്ങളെ രൂപാന്തരപ്പെടുത്തി വിശുദ്ധീകരിക്കുക എന്നിവയായിരുന്നു WCC അസംബ്ലിയുടെ നാല് സബ്തീമുകൾ.
1980 - 90 കൾ സഭകളിലേയും രാഷ്ട്രങ്ങളിലെയും പൗരസമൂഹങ്ങൾ അതിരുകളേയും വിശ്വാസങ്ങളേയും മറികടന്ന് ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി കൈകോർത്തു പിടിച്ച കാലഘട്ടമായിരുന്നു. അതിനോട് സമരസപ്പെട്ടുകൊണ്ട് ഭൂമിയിലെ ജീവൻ സംരക്ഷിക്കാൻ ഒരു പുതിയ ആത്മീയത ആവശ്യമാണെന്ന് സമ്മേളനം പ്രഖ്യാപിച്ചു.എല്ലാ സൃഷ്ടിയുടെയും ഐക്യം ലക്ഷമാക്കിക്കൊണ്ട് ആഗോള പരസ്പര ആശ്രയത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആത്മീയത. പരിശുദ്ധാത്മാവിൻ്റ ചലനാത്മക ശക്തിയിലടിസ്ഥാനപ്പെട്ട അത്തരമൊരു ആത്മീയത പ്രാദേശിക തലങ്ങളിൽ ഉയർന്നുവരണമെന്നും മനുഷ്യകുടുംബത്തിൻ്റെ ഒരുമയ്ക്കും നീതിക്കും സമാധാനത്തിനും സൃഷ്ടിയുടെ സൗഖ്യത്തിനും പ്രതിജ്ഞാബദ്ധരായ കമ്മ്യൂണിറ്റികളെ രൂപപ്പെടുത്തുവാൻ സഭ ഇപ്രകാരം മുന്നിട്ടിറങ്ങണമെന്നും സമ്മേളനം ആഹ്വാനം ഉയർത്തി.
4 പൂർണ ദിവസങ്ങളിലായി നടന്ന സ്റ്റുഡൻ്റസ് കോൺഫ്രൻസ് ആനുകാലിക സാമൂഹ്യ,രാഷ്ട്രീയ വിഷയങ്ങൾ പഠിക്കുകയും അതിനോടു ക്രിയാത്മകമായി പ്രതികരിക്കുകയും, ചെയ്തിരുന്നു. അന്താരാഷ്ട്ര വേദികളിൽ മുഴങ്ങിക്കേട്ട നൂതന ചിന്താധാരകളുടെ വക്താക്കളായിരുന്നു സ്റ്റുഡൻ്റസ് കോൺഫ്രൻസ് നയിച്ചിരുന്നത്. 4 ദിവസങ്ങളിലേയും വർഷിപ്പ് തയ്യാറാക്കിയത് റവ. പി.ജെ വർഗീസും ഞാനും ചേർന്നായിരുന്നു.
അഗ്നിനാവുകൾ പോലെ വെളിപ്പെട്ട പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം വേർതിരിവുകളെ ഉല്ലംഘിയ്ക്കുന്ന ആശയവിനിമയവും ദൈവരാജ്യത്തിൻ്റെ പുത്തൻ പതിപ്പായ നവസമൂഹസൃഷ്ടിയും സാധ്യമാക്കിത്തീർത്തു എന്നു അപ്പോസ്തോല പ്രവർത്തികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ദൈവശാസ്ത്രസത്യം ആവിഷ്ക്കരിയ്ക്കുന്നതിനായിട്ടാണ് അഗ്നിയാവുക എന്ന ഗാനം എഴുതിയത്.ഓരോ വർഷിപ്പിൻ്റേയും സമാപനത്തിലുള്ള സമർപ്പണ പ്രഖ്യാപനമായി ഗാനത്തിൻ്റെ കോറസ് ഉപയോഗിക്കുകയും ചെയ്തു.മാർത്തോമ്മാ സ്റ്റുഡൻ്റ്സ് കോൺഫറൻസ് സംവാദങ്ങളുടെയും ബദലന്വേഷണങ്ങളുടെയും കൂടി വേദിയായിരുന്ന ഒരു കാലത്തിൻ്റെ ശേഷിപ്പായി ഈ ഗാനത്തെ കാണാം.
കൂട്ടായ്മയുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങളുടെയും ഊഷ്മളതയിൽ പിറന്നുവീണ ഒരു ഗാനം കൂടിയാണ് അഗ്നിയാവുക നമ്മൾ.
വിനോദ് കോശി, കുമ്പളാംപൊയ്ക.
Music Programming: Anil BS, ABS Audio Inn, Thiruvananthapuram
Performers: Riya Elsa Johnson, Angelin Mariam Benny, Jeevan K Babu, Dipin Thengumpallil and Akash Philip Mathew.
Studio: Pattupetti Studio, Chengannur
Camera: Joel Jogy & Anto Santhosh
Visual concept, Video editing and colour grading: Jeevan K Babu