ആയിരത്തി തൊള്ളായിരത്തി എണ്പതുകളിലും തൊണ്ണൂറുകളിലും കേരള സമൂഹത്തിലുണ്ടായ ബദൽ രാഷ്ട്രീയ, ദൈവശാസ്ത്ര ചിന്തകളുടേയും ആവിഷ്കാരങ്ങളുടേയും ഭൂമികയിലാണ് "പാടമൊന്നായ്" എന്ന സംഗീത പ്രസ്ഥാനത്തിൻറെ ആവിർഭാവം അടയാളപ്പെടുത്തേണ്ടുന്നത്. മിഷണറി ദൈവശാസ്ത്രത്തിന്റെ ശേഷിപ്പായ ജ്ഞാന കീർത്തനങ്ങളും ക്രിസ്തിയ കീർത്തനങ്ങളും, വൈയക്തിക ആത്മീയതയിൽ അധിഷ്ഠിതമായ കൺവെൻഷൻ ഗാനങ്ങളും, ആശ്വാസ ഗീതങ്ങളും, ഉണർവു ഗാനങ്ങളും ക്രിസ്തിയ വിശ്വാസത്തെയും സാക്ഷ്യത്തെയും സഭയുടെ ദൗത്യത്തെയും നിർവ്വചിക്കുകയും നിർണ്ണയിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ബദൽ ഗാനങ്ങളുടെ ഈ പ്രസ്ഥാനം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിലെ കേരളാ എസ്. സി. എമ്മിന്റെ നിയോഗ വഴിയിലെ സർഗാത്മക ആവിഷ്കാരമായിട്ടാണ് "പാടാമൊന്നായ്" എന്ന പ്രസ്ഥാനത്തിൻറെ പിറവി.
ഈ പ്രസ്ഥാനത്തിൻറെ ഉത്ഭവത്തിനു പ്രേരണയായ ചരിത്ര സാഹചര്യങ്ങളും ജനകീയ പ്രസ്ഥാനങ്ങളും നമ്മുടെ സവിശേഷ ശ്രദ്ധ അർഹിക്കുന്നവയാണ്. രാഷ്ട്ര നിർമ്മിതിയിലെ പങ്കാളിത്തമാണ് ക്രൈസ്തവ സാമൂഹ്യ സാക്ഷ്യം എന്ന ദൈവശാസ്ത്ര ബോധ്യത്തിൽ നിന്നുകൊണ്ട് വികസനോന്മുഖമായ ദൗത്യ സരണികളിൽ സഭ സജീവമായിരുന്ന ഒരു കാലഘട്ടമായിരുന്നു സ്വതന്ത്ര ഭാരതത്തിൻറെ ആദ്യ മൂന്നു പതിറ്റാണ്ടുകൾ. തിന്മയും അസമത്വവും നിലനില്ക്കുന്ന സാമൂഹ്യ ഘടനയിൽ വികസന പദ്ധതികൾ മൗലികമായ മാറ്റം ഉണ്ടാക്കില്ലെന്ന തിരിച്ചറിവ് ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തെ കുറിച്ചുള്ള പുത്തൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു. അടിയന്തരാവസ്ഥയോടുള്ള പ്രതിരോധം വിശ്വാസത്തിൻറെ രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകൾക്ക് ബദൽ മാതൃകകൾ സൃഷ്ടിച്ചു. ജാതീയതക്കും, ആൺകോയ്മക്കും, നവ ലിബറൽ മുതലാളിത്തത്തിനുമെതിരായുള്ള ജനകീയ കൂട്ടായ്മകൾ രൂപം പ്രാപിച്ചു. വിമോചന ദൈവശാസ്ത്രത്തിന്റെ സ്വാധീനം നിരവധി യുവജനങ്ങളെ കീഴാള ജനതയുമായി ഏകിഭവിച്ചു കൊണ്ടുള്ള ബദൽ കൂട്ടായ്മകൾ രൂപീകരിക്കുന്നതിന് പ്രേരിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്താൽ പ്രചോദിതമായ സോഷ്യൽ ആക്ഷൻ സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ടു. കേരളാ സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനും തിരുവല്ലയിലെ ഡൈനാമിക് ആക്ഷൻ സംഘവും ഈ കാലഘട്ടത്തിലാണ് രൂപം പ്രാപിക്കുന്നത്.
ഈ കാലഘട്ടത്തിൻറെ മറ്റൊരു സവിശേഷത സഭകൾക്കുള്ളിൽ രൂപം കൊണ്ട വിശ്വാസ പ്രസ്ഥാനങ്ങളാണ്. സഭയുടെ പുതുക്കത്തിനും നവീകരണത്തിനും ജനാധിപത്യവത്കരണത്തിനുമായുള്ള അവരുടെ ശ്രമങ്ങൾ സഭയിലെ ജാതീയതയെയും ആൺകോയ്മയെയും തുറന്നു കാട്ടി. മധ്യ കേരള മഹാ ഇടവകയിലെ ജനകീയ വിമോചന വിശ്വാസ പ്രസ്ഥാനത്തിൻറെ സാക്ഷ്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
മുതലാളിത്തത്തിന്റെയും, ജാതീയതയുടെയും ആൺകോയ്മയുടെയും അധീശത്വത്തിന്നെതിരായുള്ള ഇത്തരം ജനകീയ സംഘങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സർഗാത്മകമായ ഒരു ബദൽ ആത്മീയത രൂപം പ്രാപിച്ചു. സംഘ ഗാനങ്ങളും, തെരുവു നാടകങ്ങളും ജനകീയ സംഘങ്ങളുടെ രാഷ്ട്രീയത്തിന്റെയും ആത്മീയതയുടെയും പ്രകാശനങ്ങൾ ആയിരുന്നു. ഡൈനാമിക് ആക്ഷൻ സംഘത്തിൻറെ ഗാനരചനാ കളരികളിലൂടെ ഉണ്ടായ ജനകീയ ഗാനങ്ങൾ ഒരു തലമുറയെ തന്നെ വിമോചന വിശ്വാസത്തിന്റെ രാഷ്ട്രീയത്തിലേക്ക് അണിചേരുന്നതിന് പ്രേരിപ്പിച്ചു.
അടിസ്ഥാന ജന വിഭാഗങ്ങളുടെ അതിജീവന സമരങ്ങളുമായുള്ള ബന്ധത്തിൽ ക്രൈസ്തവ വിശ്വാസത്തെയും ജീവിത നിയോഗത്തെയും കുറിച്ചുള്ള ബദൽ ചിന്തകളും സ്വപ്നങ്ങളും പങ്കിടുന്ന കൂട്ടായ്മ ആയിരുന്നു ആ കാലഘട്ടത്തിലെ കേരളാ എസ്. സി. എം. ഡൈനാമിക് ആക്ഷന്റെ ജനകീയ ഗാനങ്ങളും കെ. ജെ. ബേബിയുടെ കനവ് ഗാനങ്ങളുമൊക്കെ ഈ കൂട്ടായ്മകളിലെ നിരന്തര സാന്നിധ്യമായിരുന്നു.
പരമ്പരാഗത ക്രൈസ്തവ ഗാനങ്ങൾ പാപപങ്കിലമായ സാമൂഹ്യ ഘടനകളുടെ ഉന്മൂലനത്തിനും ബദൽ സമൂഹ സൃഷ്ടിക്കും പ്രേരകമല്ലെന്ന തിരിച്ചറിവാണ് "പാടാമൊന്നായ്" എന്ന സംഗീത പ്രസ്ഥാനം ആരംഭിക്കുന്നത്തിനുള്ള പ്രചോദനം. കേരളാ എസ്. സി.എമ്മിൻറെ സാമൂഹ്യ സാക്ഷ്യ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് ഈ ഗാനങ്ങൾ രചിക്കപ്പെട്ടത്.
എൺപതുകളിലും തൊണ്ണൂറുകളിലും കേരളാ എസ്.സി.എമ്മിലൂടെ സാമൂഹ്യ സാക്ഷ്യത്തിന്നായി സമർപ്പിതരായ യുവജനങ്ങളുടെ ജീവിത നിയോഗ അന്വേഷണത്തിൽ ഒരു സഹയാത്രികനായിരുന്നു ഡോ. എം. എം. തോമസ്. മാളിയേക്കൽ വീട് (പെണ്ണമ്മ ഭവനം) അവരുടെ കൂട്ടായ്മകൾക്ക് വേദി ഒരുക്കി. കീഴാള ജനങ്ങളുമായുള്ള ഐക്യദാർഢ്യത്തിൽ, അവരുടെ സമരങ്ങളിൽ നിറ സാന്നിധ്യമായി, ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തിൻറെ പുത്തൻ മാതൃകകൾ കണ്ടെത്തുന്നതിന് ഡോ. തോമസ് അവരെ പ്രേരിപ്പിച്ചു. നർമ്മദായിലും, മേലുകാവിലും, ചത്തിസ്ഗഡിലും, മറ്റു പല സ്ഥലങ്ങളിലും പോകുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള പ്രചോദനം അതായിരുന്നു. "പാടാമൊന്നായ്" ഗാനങ്ങളിൽ പലതും രചിക്കപ്പെട്ടത് ഈ സാക്ഷ്യ ഭൂമികളിലാണ്.
തൊണ്ണൂറുകളിൽ, കേരളത്തിലെ ക്രൈസ്തവ യുവജനങ്ങളുടെ ഇടയിൽ "പാടാമൊന്നായ്" ഗാനങ്ങൾ ഒരു വലിയ സ്വാധീനമായി മാറി. മധ്യ കേരള മഹാ ഇടവക യുവജന പ്രസ്ഥാനം, മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ്, മാർത്തോമാ യുവജന സഖ്യം തുടങ്ങിയ വേദികളെ മാത്രമല്ല, നിരവധി ഇടവക ഗായക സംഘങ്ങളുടെ സംഗീത കാഴ്ചപ്പാടിനെയും "പാടാമൊന്നായ്" ഗുണപരമായി സ്വാധീനിച്ചു. ദേശീയ എസ്. സി.എം. ഭാരതത്തിലെ വിവിധ ഭാഷകളിലെ സമാന ഗാനങ്ങൾ പ്രസിദ്ധികരിച്ചതിന്റെ പിന്നിലുള്ള പ്രചോദനവും "പാടാമൊന്നായ്" ആണ്.
മൂന്ന് പതിറ്റാണ്ടിലെ സംഗീത സാക്ഷ്യത്തിൻറെ ഈ ആഘോഷ വേളയിൽ സന്തോഷിനും ബാബുവിനുമൊപ്പം സ്മരിക്കപ്പെടേണ്ടുന്ന, ആഘോഷിക്കപ്പെടേണ്ടുന്ന നിരവധി സ്നേഹിതരും സംഘങ്ങളുമുണ്ട് . വിസി ജോൺ, ജയപാലൻ, സി ബാബു, കുമരകം ബാബു, സി ജെ കുട്ടപ്പൻ, എം ജെ ജോസഫ്, ബേബി തയ്യിൽ, സണ്ണി കപിക്കാട്, പി കെ ബാലചന്ദ്രൻ, പാങ്ങോട് രാധാക്യഷ്ണൻ, രജി മോഹൻ, പി വൈ ബാലൻ, ഈപ്പൻ മാത്യു, അലക്സാണ്ടർ വർഗീസ്, യാക്കോബ് തോമസ്
എന്നിവരുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. ഈ ഗാനങ്ങൾ സുഹൃത് സംഘങ്ങളുടെ കൂട്ടായ്മകളിലൂടെ രൂപപ്പെട്ടവയാണ്. രചനയിലും സംഗീത സംവിധാനത്തിലുമൊക്കെ സംഘ ബോധത്തിന്റെയും കൂട്ടായ്മയുടെയും സ്വാധീനം ഉണ്ടായിട്ടുണ്ട്. അതു തന്നെയാണ് ഈ ഗാനങ്ങളെ മറ്റു ഗാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ആഘോഷത്തിൻറെ ഈ അവസരം വിമർശനാത്മക വിലയിരുത്തലിനുമുള്ള സമയമാണ്. ഗൗരവമേറിയ ചോദ്യങ്ങളും വിചാരണകളും ഈ "ഭാവ ഗംഗ" തുടർന്നും ഒഴുകുന്നതിന് അനിവാര്യമാണ്.
അതുകൊണ്ട് നമ്മുക്ക് ഒരുമിച്ചു പാടാം, പാടാമൊന്നായ്, പാടാമൊന്നായ് തരളിതമൊരു നവഗാനം. അതിന്റെ ഗരിമയിലലിഞ്ഞു ചേര്ന്നങ്ങ് ഒഴുകാമൊന്നായ് നാം.
ജോർജ് സഖറിയ