ARTICLES
പാടാമൊന്നായ് ഗാനങ്ങള്‍ : ഒരു പഠനം

ദേവദാരുക്കളുടെയും മുന്തിരിവള്ളികളുടെയും അമരഭൂമിയായ ലെബനോന്‍റെ പ്രിയപുത്രനായ ഖലീല്‍ ജിബ്രാന്‍റെ  "പ്രവാചകന്‍" എന്ന യോഗാത്മക കാവ്യത്തില്‍, അവിസ്മരണീയമായ ഒരു നിമിഷമുണ്ട്.  പ്രവാചകനായ അല്‍ മുസ്തഫാ, ഓര്‍ഫലീസ് നഗരത്തിലെ നിവാസികളോട് യാത്രപറയുന്ന നിമിഷം. ഒരു പുരോഹിതന്‍ അര്‍ത്ഥിച്ചു:

" ഞങ്ങളോട് മതത്തെക്കുറിച്ച് സംസാരിച്ചാലും" അവന്‍ പറഞ്ഞു: 

 " നിങ്ങളുടെ ദേവാലയവും മതവും

 നിങ്ങളുടെ അനുദിനജീവിതമത്രെ.

അതിനുള്ളില്‍ എന്നെങ്കിലും

നിങ്ങള്‍ കടക്കുമ്പോള്‍,

 സര്‍വ്വസ്വവും കൈയിലെടുക്കണം:

കലപ്പയും ഉലയും കൊട്ടുവടിയുമെല്ലാം.

തന്‍റെ ഈശ്വരാവബോധത്തില്‍നിന്ന്

കര്‍മ്മങ്ങളെയോ

തന്‍റെ വിശ്വാസങ്ങളില്‍നിന്ന്

ജീവിതവ്യാപാരങ്ങളെയോ വേര്‍തിരിക്കാന്‍

ആര്‍ക്കും കഴിയും? "

ജിബ്രാന്‍റെ, ഈശ്വരാവബോധത്തില്‍നിന്ന് ഉറവെടുത്ത ആരാധനാ സങ്കല്‍പ്പമാണ് ഈ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.  ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുവാനുള്ള മാളങ്ങളല്ല, മതം.  ജീവിതത്തെ അഭിമുഖീകരിക്കുവാനുള്ള വിശ്വാസവും ദര്‍ശനവുമാണ്.  നമ്മുടെ മതാവബോധമോ?

സമൂഹത്തില്‍ പുലരുന്ന ജീവിതസമീപനവും വിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് നമ്മുടെ മതാവബോധം വികലമാവുന്നത്.  ഭൗതിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള വിസ്മൃതിയിലാണ് ആത്മീയസ്വാസ്ഥ്യം തേടുന്നത്.  എന്നാല്‍ ജീവിതാസക്തിയില്‍നിന്ന് മുക്തരാണോഅല്ലേ, അല്ല.  അപ്പോള്‍ ജീവിതവുമായി ബന്ധമില്ലാത്ത, മനസില്‍ അഗ്നിയായി എരിയാത്ത, ഉപരിതലസ്പര്‍ശിയായ മതാവബോധമാണത്.  എന്നാല്‍ വിശ്വാസത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന, അര്‍ത്ഥവത്തായ ജീവിതസമീപനത്തിനുള്ള അന്വേഷണമായി കാണുന്ന അസ്വസ്ഥമനസുകളുടെ ഒരു ന്യൂനപക്ഷം, ജീവിക്കുന്ന കാലഘട്ടത്തോടും, നൈതിക സമസ്യകളോടും  സാര്‍ത്ഥകമായി പ്രതികരിക്കുന്നു.  ജീര്‍ണ്ണിച്ച സാമൂഹ്യവ്യവസ്ഥ ഈശ്വരകല്‍പ്പിതമാണ് എന്ന മൂഢസങ്കല്‍പ്പത്തില്‍ ജീവിതം തളച്ചിടാതെ, മെച്ചപ്പെട്ട സാമൂഹ്യഘടനയ്ക്കുവേണ്ടി പോരാടുന്നതിലാണ്, അവര്‍ ആത്മീയത കണ്ടെത്തുന്നത്.  ജീവിതത്തിലെ ചില പ്രഹേളികകളുടെ ചിട്ടപ്പെട്ട ഉത്തരമല്ല, അവര്‍ക്ക് ദൈവം.  നിന്ദിതരുടെയും പീഡിതരുടെയും പക്ഷംചേരുന്ന, മോചനത്തിനുവേണ്ടിയുള്ള ജനതയുടെ പോരാട്ടത്തില്‍ പങ്കുചേരുന്ന ദൈവാഭിമുഖ്യമാണ്, അവരെ തമ്മില്‍ വിളക്കിച്ചേര്‍ക്കുന്ന ഘടകം.  നീതി വിളങ്ങുന്ന സാമൂഹ്യവ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ചാലകശക്തിയാവുകയാണ്, അവരുടെ ജന്മസാഫല്യം.  അങ്ങനെ വിശ്വാസസാന്ദ്രവും അന്വേഷണോന്മുഖവുമായ മനസുകളില്‍ ഉറവെടുത്ത ഗീതങ്ങളാണ് ഇവിടെ സമാഹരിക്കുന്നത്.

ദൈവാരാധനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുള്ള ഈ ഗാനങ്ങള്‍, ആത്മീയതയുടെ പരിവേഷമണിഞ്ഞ് പ്രചരിച്ചിട്ടുള്ള ഗീതങ്ങളില്‍നിന്ന് രൂപത്തിലും ഭാവത്തിലും വ്യത്യസ്തമാണ്. എസ്.സി.എം.ന്‍റെ വിദ്യാര്‍ത്ഥി സമ്മേളനങ്ങളിലും യുവജന ക്യാമ്പുകളിലും ഉരുത്തിരിഞ്ഞ ചിന്താധാരകളില്‍നിന്നാണ് ഇവ അധികവും ഉറവെടുത്തിട്ടുള്ളത്.  ക്രിസ്മസ് ഗാനശുശ്രൂഷയോട് ബന്ധപ്പെട്ടതാണ് മറ്റു ചില ഗീതങ്ങള്‍.  അന്വേഷണോന്മുഖമായ അസ്വസ്ഥമനസുകളുടെ വേദനകളുടെയും ഉള്ളുരുക്കത്തിന്‍റെയും അര്‍പ്പണത്തിന്‍റെയും ചൂടും തിളക്കവുമാണ്, ഈ ഗീതികളെ പ്രകാശമാനമാക്കുന്നത്. ഈശ്വരസന്നിധാനത്തില്‍  തുടികൊട്ടി മുഴങ്ങുന്ന ഹൃദയത്തിന്‍റെ സംഗീതമാണ്, ഈ ഗീതികള്‍. 

 " എന്‍റെ ഹൃദയം നിന്‍റെ മുന്നില്‍

പൊന്‍തുടിയായ് മുഴങ്ങുന്നു.

നിന്‍റെ വരവില്‍ ഭൂമിയാകെ

ഉണര്‍ന്നു പാടുന്നു - "

ഗീതങ്ങളുടെ ആത്മചൈതന്യം ഉള്‍ക്കൊള്ളുന്ന ഈരടികളാണിത്.

പ്രതിജ്ഞാബദ്ധമായ യുവമനസുകള്‍ക്കറിയാം മാറ്റം വിതയ്ക്കുന്ന ഗാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് പാടുന്നതെന്ന്. 

പാടുന്നു നമ്മളിന്നാര്‍ക്കുവേണ്ടി?

കൈത്താളമേളങ്ങളാര്‍ക്കുവേണ്ടി?

നമ്മുടെ മോഹന സംഗീതധാരകള്‍

പെയ്തിറങ്ങീടുന്നതാര്‍ക്കുവേണ്ടി?

 

ചോരവാര്‍ന്നൊഴുകുന്ന ഹൃദയങ്ങള്‍ക്കായി

പാടാം നമുക്കിന്നു പാടാം

താന്തരായ്, ഭ്രാന്തരായ് വിലപിക്കുന്നോര്‍ക്കായി

പാടാം നമുക്കിന്നു പാടാം.

മാറ്റം വിതയ്ക്കുന്ന പാട്ടുകള്‍

കൂട്ടമായ് കൂട്ടമായ് കൂട്ടരേ

ചേരിയില്‍ പിടയുന്ന ചേതനകള്‍ക്കായി

ചേറില്‍ താഴ്ന്നഴുകുന്ന ജീവിതങ്ങള്‍ക്കായി

ചെങ്കനല്‍ ചൂളയില്‍ എരിയുന്നോര്‍ക്കായി

ഇരുളേ ജയിക്കുവാന്‍ പൊരുതുന്നോര്‍ക്കായി

പാടാം നമുക്കിന്നു പാടാം.

 ബൈബിളിലെ ജീവന്‍തുടിക്കുന്ന ഏടുകള്‍ അനുദിന ജീവിതമേഖലകളില്‍ പുനര്‍ജനിക്കുന്നതായി, ഈ ഗായകര്‍ തിരിച്ചറിയുന്നു.  തീക്ഷ്ണവും തിക്തവുമായ ഇരുണ്ട രാത്രിയുടെ യാമങ്ങളിലൊന്നില്‍ ഭൂസ്വര്‍ഗ്ഗങ്ങളെ ബന്ധിക്കുന്ന, ദേവദൂതികള്‍ കയറിയിറങ്ങുന്ന യാക്കോബിന്‍റെ ദര്‍ശനഭൂമിയില്‍ തെളിഞ്ഞ ചിത്രമാണ്, ഈ ഗാനത്തില്‍ തെളിഞ്ഞുവരുന്നത്.

ഈ മനോഹര രാത്രിയില്‍,

സ്വപ്നങ്ങള്‍ വിടരും യാമങ്ങളില്‍,

നന്‍ തിരുരാജ്യത്തിന്‍ ഏണിപ്പടികള്‍

ഭൂവിലിറങ്ങിയ നിമിഷങ്ങളില്‍

മണ്ണിലും വിണ്ണിലും രോമാഞ്ചമരുളും

ധന്യമുഹൂര്‍ത്തത്തിന്‍ സംഗീതം

അധരങ്ങളാത്മാക്കളേറ്റുപാടി

ഹൃദയത്തിലാഹ്ലാദം തിരതല്ലി....

ഒരു ക്രിസ്മസ് ഗാനം കേള്‍ക്കൂ. ക്രിസ്മസിന്‍റെ പൊരുള്‍ ഈ വരികളില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്.  ക്രിസ്മസ് ഉള്‍ക്കൊള്ളുന്ന പുതിയ പുറപ്പാടിന്‍റെ ദര്‍ശനം ബൈബിളിന്‍റെ താളുകളില്‍നിന്ന് പുനരവതരിക്കുന്നു.

സൂര്യനുദിച്ചു മുള്‍ക്കാടതില

ന്നത്ഭുതസ്മേരമുയര്‍ന്നു.

തോല്‍വിതകര്‍ച്ചകളാകുലതകളാ

ലാകെ വലഞ്ഞൊരു നാളില്‍

പുതിയ പുറപ്പാടിന്‍റെ തുടക്കം

പുതിയൊരു മാനവ ജനനം

ബൈബിള്‍ ബിംബകല്‍പ്പനകളിലൂടെ കേവല പുനരാഖ്യാനങ്ങളില്‍ സംതൃപ്തി തേടുന്നില്ല, ഈ  ഗായകരുടെ സര്‍ഗ്ഗാത്മകചൈതന്യം.  അനുദിന ജീവിതസമസ്യകളുടെ മുമ്പില്‍ തീക്ഷ്ണമായി പ്രതികരിക്കുന്ന മനസാണ്, അവരുടേത്. നോക്കുക:

നീയെന്നെ കൈവിട്ടതെന്തേ നാഥാ,

നീയെന്നെ കൈവിട്ടതെന്തേ?

കാല്‍വറി മാമല തന്നിലുണര്‍ന്ന

വിലാപച്ചുഴികളുയര്‍ന്നു കാറ്റില്‍പ്പാറി

ഇന്നിന്നൊരായിരം ദീനകണ്ഠങ്ങളില്‍

വീണ്ടും മുഴങ്ങീടുന്നു

നാഥാ, നീയെന്നെ കൈവിട്ടതെന്തേ?

 

വയലില്‍ പുതഞ്ഞൊരാ-

മൃതപഞ്ജരങ്ങളും

ഞാറ്റുവേലപ്പാട്ടിനോടൊപ്പം

വിറയാര്‍ന്നു പകരുന്നു ഗാനം

ഇന്നിനി വയ്യാ; ഇവരോടു പൊറുക്കുവാന്‍ വയ്യ

വര്‍ത്തമാനകാല ജീവിതസമസ്യകളില്‍നിന്നകന്ന് ദന്തഗോപുരങ്ങളിലിരുന്ന് പ്രതികരിക്കുന്ന കപടബുദ്ധിജീവികളുടെ സമീപനത്തില്‍നിന്ന് വ്യത്യസ്തമാണ് ഈ അസ്വസ്ഥമനസുകളുടെ ഭാവം.  മാനവഭാഗധേയത്തെക്കുറിക്കുന്ന ദൈവനിയോഗം, നമ്രശീര്‍ഷരായി ഏറ്റുവാങ്ങി അടരാടുവാനുള്ള സന്നദ്ധതയാണ്, ഈ ഗാനങ്ങളില്‍ അനുരണനം ചെയ്യുന്നത്.  വേദപുസ്തകത്തിലൂടെ വെളിപ്പെടുത്തപ്പെട്ട, ക്രിസ്തുദര്‍ശനത്തോടുള്ള അനുസരണമാണ്, ആത്മസമര്‍പ്പണത്തിലേക്ക് നയിക്കുന്നത്.  ഒട്ടുമിക്ക ഗീതങ്ങളിലും ആത്മസമര്‍പ്പണത്തിന്‍റെ പ്രതിസ്പന്ദനമാണ് നാം കേള്‍ക്കുക.  ഈശ്വരസന്നിധിയില്‍, എരിയുന്ന യാഗശാലയുടെ മുമ്പില്‍ അര്‍പ്പിതചേതസ്സായി നില്‍ക്കുന്ന യുവാവായ പ്രവാചകനെയാണ് സമര്‍പ്പണഗാനങ്ങള്‍ അനുസ്മരിപ്പിക്കുക.  څഅടിയനിതാ, അടിയനെ അയക്കണമേچ  ദൈവനിയോഗത്തില്‍ ജന്മസാഫല്യം തേടുന്ന ക്രിസ്തീയ ദൗത്യബോധമാണ്, ഈ ഗാനങ്ങള്‍ പകരുന്ന ആത്മീയാനുഭവം.

സ്വീകരിക്കു.... സ്വീകരിക്കു....

ഈ മിഴിനീര്‍ക്കണങ്ങള്‍

നാഥാ, സ്വീകരിക്കു....സ്വീകരിക്കു...

ഈ മിഴിനീര്‍ക്കണങ്ങള്‍

 

അനുഗ്രഹിക്കു നിയോഗം നല്‍കു...

ഈ ധന്യനിമിഷങ്ങളില്‍

നാഥാ അനുഗ്രഹിക്കു... നിയോഗം നല്‍കു...

ഈ ധന്യനിമിഷങ്ങളില്‍...

 

 ഗാനങ്ങളുടെ ഭാവതലത്തെക്കുറിച്ചാണ് മുകളില്‍ പറഞ്ഞുവന്നത്. അവ ഉള്‍ക്കൊള്ളുന്ന ദൈവാവബോധത്തെപ്പറ്റിയും ജീവിതാവബോധത്തെപ്പറ്റിയുമാണ് എന്നു പറയുകയാവും ശരി.  ഇവയുടെ രൂപശില്പംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.  പാശ്ചാത്യ സംഗീതോപകരണങ്ങളുടെ കാതടപ്പിക്കുന്ന ഇരമ്പലിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്നവയാണ് ആധുനിക ക്രിസ്തീയ ഗീതങ്ങള്‍.  അലൗകികമായ മായാപ്രപഞ്ചം ഒരുക്കുകയാണല്ലോ ലക്ഷ്യം.  എന്നാല്‍ ഇവിടെ ഇതാ വ്യത്യസ്തമായ താളബോധം, സംഗീതബോധം.  അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ സംഘഗാനങ്ങളുടെ ഈണമാണ് ഇവയുടേത്.  സംസ്കാരതനിമയില്‍നിന്നും ഉറവെടുത്ത, ചുണ്ടുകളില്‍നിന്ന് കാതുകളിലേക്കും, കാതുകളില്‍നിന്ന് ചുണ്ടുകളിലേക്കും പകര്‍ന്ന നാടന്‍പാട്ടുകളുടെയും വായ്ത്താരികളുടെയും ഈണത്തില്‍ വാര്‍ന്നുവീണവയാണ് അവയോരോന്നും.  ഗാനങ്ങളുടെ ഭാവശില്പം ഉള്‍ക്കൊള്ളുന്ന ജനകീയസംസ്കാരമാണ്, രൂപശില്പത്തിന്‍റെയും നിയാമകഘടകമെന്ന് ചുരുക്കം. 

"കാറ്റേ വാ കടലേ വാ

ഒരു കരിമേഘം കൊണ്ടത്താ

മഴവില്ലുകള്‍ വിരിയിക്കാനായ്

മഴമേഘം കൊണ്ടത്താ

കാണാക്കരകേറി 

ഏറാമലയേറി

തിരാതിരയലിലൂറി വരും പുതു-

ജീവിതചേതനയോ.... 

ചുഴികള്‍ മലരികളായണുതോറും 

പടരും നൈതികവേദനയോ..."

തുടങ്ങിയ ഈരടികളില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് സംഘചേതനയുടെ ഉള്‍ത്തുടിപ്പുകളുടെ താളബോധമാണല്ലോ. 

 ക്രിസ്തീയ ഭക്തിഗീതങ്ങള്‍ എന്നു കേളികേട്ട ഗാനങ്ങളില്‍നിന്നും വ്യത്യസ്തമാണ്, ഇവിടെ സമാഹരിക്കപ്പെടുന്ന ആത്മീയദര്‍ശനവും സംഗീതവും.  പാടിപ്പതിഞ്ഞ മതാവബോധത്തിന് അന്യമാണ്, ഇവയുടെ ഭാവശില്പവും രൂപശില്പവും.  څഡൈനാമിക് ആക്ഷന്‍ ഗ്രൂപ്പ്چ പ്രസിദ്ധീകരിച്ച ജനകീയഗാനങ്ങളെയാണ് ഈ ഗീതങ്ങള്‍ അനുസ്മരിപ്പിക്കുക.  ഗാനങ്ങളുടെ സമാഹരണത്തില്‍, ജനകീയഗാനങ്ങള്‍ മാതൃകയായിട്ടുണ്ട്.  വിശ്വാസാധിഷ്ഠിതവും അന്വേഷണോന്മുഖവും സര്‍ഗ്ഗാത്മകവുമായ മനസുകളില്‍നിന്ന് ഉറവെടുത്ത ഈ ഗാനങ്ങള്‍ ആഴമായ ആത്മീയാന്വേഷണത്തിലേക്ക് അനുവാചകമനസിനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യും.

                                                                                 റവ. മാത്യു ഡാനിയേല്‍