ARTICLES
പാടാമൊന്നായ് ഗാനങ്ങള്‍ : ഒരു ആമുഖക്കുറിപ്പ്

ദേവാലയത്തിന്‍റെ സാന്ദ്രമായ അന്തരീക്ഷത്തില്‍ മുഴങ്ങുന്ന പാട്ടുകളാണ് ക്രിസ്തീയ ഗാനങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുയരുക.  എന്നാല്‍ ഈ സംഗീതസങ്കല്‍പ്പത്തില്‍നിന്ന് തെറ്റിപ്പിരിയുകയാണ്, ഈ സമാഹാരത്തിലെ ഗാനങ്ങള്‍.  വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും പുത്തന്‍ ഭാഷ്യങ്ങള്‍ തിരയുന്ന ജീവഗീതികളാണിവ.  അതുകൊണ്ടുതന്നെ ഈ ഗാനങ്ങള്‍ പള്ളിക്കു പുറത്തേക്ക് ഒഴുകാതെ വയ്യ.

ചരിത്രത്തില്‍ കര്‍മ്മനിരതനായിരുന്ന, വേദപുസ്തകം സാക്ഷ്യം വഹിക്കുന്ന, യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട, ദൈവിക ഉള്‍പ്പെടലാണ് ഈ പാട്ടുകളുടെ ദൈവശാസ്ത്ര അടിത്തറ.  ഈ സന്ദേശത്തിന്‍റെ ജീവിതഗന്ധിയായ ആവിഷ്കാരമാണ്, ഗാനങ്ങളിലുടനീളം നിഴലിക്കുന്നത്.  നാം ഉള്‍പ്പെടുന്ന ജീര്‍ണ്ണ സമൂഹത്തിന്‍റെ മുഴുവന്‍ പുതുക്കവും പൂത്തുലയലുമാണ് ഈ പാട്ടുകളുടെ ആത്യന്തിക കാതല്‍.  വൈയക്തിക സ്വര്‍ഗ്ഗസങ്കല്‍പ്പങ്ങളല്ല, സംഘബോധത്തില്‍നിന്നും കൂട്ടായ്മയില്‍നിന്നും ഉരുത്തിരിയുന്ന സമര്‍പ്പണമാണ് പാട്ടുകളുടെ അടിവേര്.

ക്രൈസ്തവ വിശ്വാസത്തിന്‍റെ കര്‍മ്മപഥം തിരയുന്ന പ്രസ്ഥാനങ്ങളുടെ ദൗത്യാന്വേഷണ ദര്‍ശനത്തെ മിഴിവുറ്റതാക്കുന്നതില്‍ ഇത്തരം പാട്ടുകളുടെ സ്ഥാനം ഒന്നാമതാണ്. ഈ അന്വേഷണത്തെ പ്രചോദിപ്പിക്കുന്ന കൂട്ടായ്മയുടെ രാസത്വരകമായി ഈ പാട്ടുകള്‍ വര്‍ത്തിക്കുന്നുമുണ്ട്. 

വിവിധ സംഘങ്ങളുടെ ഒത്തുചേരലുകളില്‍ പൊട്ടിമുളച്ച കവിതകളാണേറെയും.  പല ഗാനങ്ങളിലുമുള്ള സെക്കുലര്‍ സ്വഭാവം, ഈ സംഘങ്ങള്‍ ഊന്നല്‍ നല്‍കുന്ന സുവിശേഷത്തിന്‍റെ സാര്‍വത്രിക മാനവും, പ്രപഞ്ചത്തെയും മനുഷ്യനെയും മതങ്ങളെയും ഒക്കെപ്പറ്റിയുള്ള വിശാല കാഴ്ചപ്പാടുമാണ് വ്യക്തമാക്കുന്നത്.  ഭാരതീയ ഗ്രാമങ്ങളുടെ നൊമ്പരങ്ങളില്‍, അര്‍ത്ഥവത്തായ ക്രിസ്തീയ ദൗത്യം അന്വേഷിക്കുന്ന സുഹൃത്തുക്കള്‍, ഗ്രാമങ്ങളുടെ ജീവിതസ്പന്ദനങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് രചിച്ച ഈരടികള്‍ ഈ  പാട്ടുകളുടെ  ഉണ്‍മയാണ്.  ചുരുക്കത്തില്‍ സുവിശേഷത്തിന്‍റെ മാറ്റംപാട്ടുകളാണിവ, തീര്‍ച്ച.

വിശ്വാസത്തെയും ആത്മീയതയെയും ഗൗരവമായി സമീക്ഷിക്കുന്നവര്‍ ഈ ഗാനങ്ങള്‍ ഏറ്റുപാടുമെന്ന്, ഞങ്ങള്‍ക്കുറപ്പുണ്ട്.  ഈ പ്രത്യാശയാണ്, ഈ സംരംഭത്തിന്‍റെ സാഫല്യവും.  څപാടാമൊന്നായ്چ അതത്രെ, ഞങ്ങള്‍ക്കു നല്‍കാനുള്ള സന്ദേശം.

ബാബു കോടംവേലില്‍