ARTICLES
പാടാമൊന്നായ് ഗാനങ്ങള്‍ : ഒരു സ്ത്രീപക്ഷവായന

പാടാമൊന്നായ്...... എന്ന സംജ്ഞയില്‍ത്തന്നെ കൂട്ടായ്മയുടെ വിവക്ഷയുണ്ട്.  അത് ഏത് സ്ത്രീകളുടെ കൂടിവരവുകളിലും ഈ ഒരു കൂട്ടായ്മയുടെ പിന്‍ബലം കാണാവുന്നതാണ്.  ചില പൊതുവായ പാട്ടുകള്‍ ഒരുമിച്ച് ചേര്‍ന്നുപാടി ആ പരിപാടിക്ക്  ജീവന്‍ കൊടുക്കുവാനും അതിനെ ആഘോഷിക്കുവാനും സ്ത്രീകള്‍ ശ്രമിക്കാറുണ്ട്. പാടാമൊന്നായ്..... എന്ന ശീര്‍ഷകം തന്നെ കൂട്ടായ്മയുടെയും കരുതലിന്‍റെയും പാരസ്പര്യത്തിന്‍റെയും ഒക്കെ ആകെത്തുകയായി നില്‍ക്കുകയും അതിനുള്ളിലെ പാട്ടുകളിലേക്ക് നമ്മെ വളരെ താത്പര്യത്തോടെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു .

 ഈ  പാട്ടുകളെ രണ്ടായി തിരിച്ചാല്‍            

  1. വ്യക്തിഗതമായ സ്ഥിരീകരണങ്ങളും പ്രതിബദ്ധതകളും ഉള്‍ക്കൊള്ളുന്ന ഗാനങ്ങള്‍
  2. സംഘംചേരലും അതു നല്‍കുന്ന കൂട്ടായ്മയിലൂടെ ഒരുമിച്ചുള്ള ഒരു മുന്നേറ്റത്തിനും ജീവിതത്തിനുമായുള്ള സമര്‍പ്പണത്തിന്‍റെ ഗാനങ്ങള്‍.

ഇരകളോടുള്ള താദാത്മ്യപ്പെടലും അവരോടൊന്നിച്ച് പ്രതീക്ഷയുടെ  തീരം തേടിപ്പോകുന്ന ഒരു ധാര മിക്കവാറും പാട്ടുകളിലും ദര്‍ശിക്കാവുന്നതാണ്.  ഇത് ഒരു സ്ത്രീപക്ഷകാഴ്ചപ്പാടുള്ളവര്‍ക്ക് ലഭ്യമാകുന്ന ദൈവീക കൃപയാണ്. അങ്ങനെ കാണുമ്പോള്‍ പുരുഷാധിപത്യത്തോടുള്ള ബോധപൂര്‍വ്വമായ ഒരസിഹിഷ്ണുത ഈ പാട്ടുകളിലുടനീളം കാണാവുന്നതാണ്. പുരുഷാധിപത്യത്തിന്‍റെ ഉപോത്പന്നങ്ങളായ വര്‍ഗം, ജാതി, ലിംഗപരമായ ആധിപത്യം ഇവയോടുള്ള ഒരു നിരാസം പാടാമൊന്നായ് പാട്ടുകളുടെ മുഖമുദ്രതന്നെയാണ്. പ്രകൃതിയുടെ താളങ്ങളിലേക്ക് മടങ്ങിപ്പോകുവാനും അതുവഴി കുരിശിലേറപ്പെട്ട്,  പുതുസൃഷ്ടിയായി, ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ അനുഭവം ഉല്‍ക്കൊള്ളുവാനും ഈ പാട്ടുകള്‍ നമ്മെ ക്ഷണിക്കുന്നു. നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ    ഒരു ദൈവശാസ്ത്രത്തിലേക്കാണ് ഇത് നമ്മെ നയിക്കുന്നത.് (നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ നേതൃത്വം മിക്കവാറുംതന്നെ സ്ത്രീകളാണ്)  ക്രൂശെടുക്കുവാന്‍ തയ്യാറെടുക്കുന്ന ഒരു ജനവിഭാഗം.  അതിനുവേണ്ടി ഏത് ആധിപത്യത്തെയും കോര്‍പ്പറേറ്റുകളെയും നഖശിഖാന്തം എതിര്‍ത്ത്  ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന ജനവിഭാഗം.  ഇതു തന്നെയല്ലേ സുവിശേഷങ്ങളില്‍ നാം വായിക്കുന്ന ജനസഞ്ചയം? (ാൗഹശേൗറേല) സാമ്രാജ്യത്വത്തിനെതിരെയുള്ള കലഹങ്ങളും പ്രതിരോധങ്ങളുമാണ് ഈ പാട്ടുകളുടെ ആകെത്തുക.  . 

ഇരുളിന്‍റെ സേനകളൊന്നടങ്കം നടുങ്ങിവിറയ്ക്കുന്നു കാണുക നാം"

സാമ്രാജ്യത്വത്തിന്‍റെ അപ്രമാദിത്തവും  അതിന്‍റെ നശീകരണശേഷിയും ഇത്തരം വരികളില്‍ വളരെ പ്രകടമാണ്. 

ഇവിടെ ജനക്കൂട്ടത്തിന്‍റെ വ്യവഹാരം പോലെ നാം അതിന്‍റെ പ്രതികരണം  പാടുകയാണ്.

പണിതുയര്‍ത്തുവതിനും നടുവതിനും 

പ്രതിബദ്ധരായ് നമുക്ക് മുന്‍ഗമിക്കാം."

എല്ലാ സമരമുഖങ്ങളിലും യാഗമാക്കപ്പെടുവാന്‍ സ്വയം നല്‍കുന്ന ചില ജീവിതങ്ങള്‍ കാണാറുണ്ട്, അതില്‍നിന്നും ഒരു ജനത ജീവന്‍റെ സാഫല്യത്തിലേക്ക് വളരെ ശക്തമായ പ്രതിരോധത്തിലൂടെ കടന്നുവരുന്നതും കാണാം. 

യാഗമായ് നേദിച്ച ജീവിതങ്ങള്‍

ജീവനെ നേടുന്നു കാണുകനാം "

ഇതു തന്നെയല്ലേ അനേകര്‍ക്കുവേണ്ടി മറുവിലയായി സ്വയം നല്‍കുന്ന കുരിശിന്‍റെ ദൈവശാസ്ത്രവും?    ക്രൂശിന്‍റെ അനുഭവങ്ങള്‍ ഇന്നു പല സമൂഹങ്ങളിലും  ആവര്‍ത്തിക്ക പ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം ഈ വരികളില്‍ തെളിമയോടെ കാണാവുന്നതാണ്.

" സഹജരേ നമുക്കിനി കുരിശുപോലും

ഉയിര്‍പ്പിന്‍റെ കാവ്യത്തിന്‍ എഴുത്താണിയാം"

പലപ്പോഴും സമകാലീന അവസ്ഥകളെ ക്രൂശുമായി ബന്ധപ്പെടുത്തി വായനകള്‍ നടക്കുമ്പോള്‍ ക്രൂശിന്‍റെ രൂപങ്ങളെ കണ്ടെത്തുക എന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.  ക്രൂശ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഏറ്റെടുക്കുകയും അതിലൂടെ സ്വയം തകര്‍ക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുകയും ചെയ്യുന്ന അനുഭവതലം സ്ത്രീകളുടെ സംഘബോധമായും നവസാമൂഹികപ്രസ്ഥാനങ്ങളുടെ അനുദിന അനുഭവമായും വായിച്ചെടുക്കാവുന്നതാണ്.

കുരിശതിലേറാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍

 അനന്തമാം ജീവന്‍റെ അംശമായീടാന്‍ "

 ഈ വരികളും മുന്നോട്ടുവയ്ക്കുന്നത് വളരെ വലിയ ഒരു വെല്ലുവിളിയാണ്.  ബോധപൂര്‍വ്വമായി  കുരിശിലേറാന്‍ ആവശ്യപ്പെടുകയാണിവിടെ.  എങ്കില്‍ മാത്രമേ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകൂ എന്നുള്ളതും അതിലൂടെയേ അനന്തമായ ജീവന്‍റെ അംശികളാവൂ എന്നുള്ളതും മുന്നോട്ടു വയ്ക്കുന്നത് സ്ത്രീപക്ഷദൈവശാസ്ത്രത്തിലെ   ക്രൂശിനെക്കുറിച്ചുള്ള വായനകള്‍ തന്നെയാണ്.

പ്രതിബദ്ധതയുടെ തലം  എത്രവരെ, എവിടെവരെ എന്നുള്ള ചോദ്യത്തെയും ഗാനം വളരെ ആശയതെളിയോടെ അവതരിപ്പിക്കുന്നുണ്ട്.

അര്‍പ്പണത്തിന്‍ ഗിരിശൃംഗങ്ങളെ

പുല്‍കിടും പടവുകളേറെ കടന്നിടാന്‍..."

പടവുകള്‍ ഏറെയുണ്ട് എന്ന്  ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ കണ്ടുമുട്ടുന്ന ജീവിതപരിസരങ്ങള്‍ ഒരു സ്ത്രീപരിസരം തന്നെയല്ലേ?  ~ഒരിക്കലും തീരാത്ത ഉത്തരവാദിത്തങ്ങളും ആവലാതികളും പ്രതീക്ഷകളും ഒക്കെയുള്ള സ്ത്രീ ജീവിതങ്ങളോട് ക്രൂശിലെ വെല്ലുവിളി ഏറ്റെടുത്ത് ജീവന്‍റെ അംശികളായി തീരുക എന്നുള്ള ആഹ്വാനം വളരെ അര്‍ത്ഥവത്താണ്, ഒരുപക്ഷേ പ്രായോഗികമല്ലെങ്കിലും.

പാടാമൊന്നായ്..." പാട്ടുകളുടെ അന്തര്‍ധാര തന്നെ സ്ത്രീപക്ഷ കാഴ്ചപ്പാട്  ആണെന്നു തോന്നിയിട്ടുണ്ട്. 

" ആ ഭാവഗംഗയൊഴുകിടട്ടെ... നമ്മിലൂടെ

ജീവന്‍റെയുറവുകള്‍ തുറന്നിടട്ടെ..."

ജിവന്‍റെയുറവുകള്‍ തേടിയുള്ള അന്വേഷണവും അത് ധാരധാരയായി ഒഴുക്കപ്പെടുന്നതുമെല്ലാം മറ്റെന്താണ്?   ഈ പാട്ടുകളുടെ മനോഹാരിത എന്നു പറയുന്നതുതന്നെ അതിന്‍റെ ലാളിത്യവും ആശയഗാംഭീര്യവും അതു നല്‍കുന്ന കുളിര്‍മയും സാന്ത്വനവും ഉത്തേജനവും ഒക്കെത്തന്നെയാണ്.

ഒരുപക്ഷേ വളരെ പ്രത്യക്ഷമായിട്ടുള്ള സ്ത്രീപക്ഷ ചിന്തകള്‍ അതായത് അവരുടെ സ്വത്വം, ശരീരം എന്നിങ്ങനെ പ്രതിപാദിക്കുന്നില്ലെങ്കിലും വളരെയധികം സ്ത്രീപരിസരങ്ങള്‍ ഈ പാട്ടുകളിലുടനീളം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

നിന്‍ ഹിതചിന്തകളുള്ളിലുണര്‍ത്തിയ

ജ്വാലകളാരോ കെടുത്തുന്നു....

വഴിയാത്രകളില്‍ വരണ്ട കിനാവുകള്‍

മനമൊരു മരുഭൂമിയാക്കുന്നു."

ദൈവഹിതത്തെക്കുറിച്ചും അതിന്‍റെ പൂത്തുലയലുകളെക്കുറിച്ചും ഒക്കെ നല്ല ബോധ്യമുള്ളവരാണ് മിക്കവാറും സ്ത്രീകളും.  അവരുടെ ജീവിതത്തിന്‍റെ ദൈനംദിന അനുഭവമാണ് മേല്‍വിവരിച്ച വരികള്‍.

ഇരുള്‍വന്നു മൂടിയോ പാതയില്‍

ഇന്നു കരിമേഘം വന്നുവോ കണ്‍കളില്‍

ഹരിതം മറഞ്ഞുവോ വീഥിയില്‍

ഇന്നു മണലാകെ മൂടിയോ മനമിതില്‍ "

" ഭീതിനിരാശത നീറുമീ മണ്ണിലൂടെ ..."

" മ്ലാനത മൂളുമീ പാഴ്മുളംതണ്ടിലൂടെ..."

ഇവയൊക്കെ സൃഷ്ടിക്കുന്ന അനുഭവതലങ്ങളില്‍ സ്ത്രീപരിസരങ്ങള്‍, അവരനുഭവിക്കുന്ന പുറന്തള്ളല്‍, അടിച്ചമര്‍ത്തല്‍, അന്യവത്ക്കരണം ഇവയൊക്കെ    കടന്നുവരുന്നുണ്ട്.  ഇവിടെയെല്ലാം സ്ത്രീകള്‍ എനിക്കു താത്പര്യമില്ല എന്നൊക്കെ പറഞ്ഞ് ജീവസംരക്ഷണത്തിനായി പലതും സഹിക്കുകയും ക്ഷമിക്കുകയും സ്വയം ഒറ്റപ്പെടുത്തുകയും  ചെയ്യുകയാണ്.  ഇവിടെ ജീവന്‍റെ ഉറവുകള്‍ തുറക്കപ്പെടുന്ന ദൗത്യത്തിലേക്ക് ഈ ഗാനങ്ങള്‍ നമ്മെ ക്ഷണിക്കുന്നു.

" ശിഷ്യത്വം " വളരെ ആഴത്തില്‍ ഈ പാട്ടുകളില്‍ക്കൂടെയെല്ലാം കാണാവുന്ന വിഷയം ആണ്.  പുളിമാവുപോല്‍ പരിവര്‍ത്തനം വരുത്തുന്ന ശിഷ്യരായി നീതിനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുവാനുള്ള ആഹ്വാനം തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ വായനയാണ്. 

 " അനുഗമിപ്പാനാണഭിലാഷം  "

"  പാടാമൊന്നായ് .... "

"  നിന്‍ഹിതം ചെയ്തിടാന്‍.... "

അഗ്നിയാവുക നമ്മള്‍..."

" അനര്‍ഘ സ്നേഹോപഹാരമായി ..."

" പാടുന്നു നമ്മളിന്നാര്‍ക്കുവേണ്ടി..."

"നിന്‍ പാതേ ചുവടുകള്‍ വയ്ക്കുവാന്‍ .."

ഇവയെല്ലാം ശിഷ്യത്വത്തിന്‍റെ വൈവിധ്യവും ആഴത്തിലുള്ളതുമായ അര്‍ത്ഥ തലങ്ങളിലേക്കും ജീവിതാവിഷ്കാരങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ്. ശിഷ്യത്വത്തിന്‍റെ ഈ പരുക്കന്‍ പ്രതലത്തില്‍ നില്‍ക്കുമ്പോഴും പ്രതീക്ഷകളുടെ കിരണങ്ങള്‍ വളരെ തീക്ഷ്ണതയോടെ അവതരിപ്പിക്കുന്നു.  ഒരു പാട്ടുമാത്രം ഉദാഹരണമായി എടുത്തുകൊള്ളട്ടെ.

" ഇതള്‍ പൂത്തു നില്‍ക്കുമീ രാവിന്‍റെ ചില്ലയില്‍

ഒരു ചെറു പൂ വിരിഞ്ഞു

നിലാവിന്‍റെ പൂ വിരിഞ്ഞു...."

ഈ വരികള്‍ നമ്മെ വളരെ വ്യത്യസ്തമായ ഒരു അനുഭവതലത്തിലേക്കാണ് കൊണ്ടുപോകുന്നത്.

"വിഷാദമേഘം കരഞ്ഞുതീര്‍ന്നാകാശം

മിന്നുന്നു നക്ഷത്രജാലം

കാട്ടാറിലിളകയായ് അവിരാമയാത്രതന്‍

അനര്‍ഘമാ നിമിഷം തേടി

നിലവിളിയങ്ങുയരുമീ തീരത്തുനിന്നിതാ

ഒരു നവരാഗസങ്കീര്‍ത്തനം."

ഇവയെല്ലാം വലിയ പ്രതീക്ഷകളാണ് മുന്നോട്ടു വയ്ക്കുന്നത്.  ഇത് സാങ്കല്‍പ്പികമാകാം.  പക്ഷേ ഈ ഒരവസ്ഥയില്‍ ആയിരിക്കുന്ന വ്യക്തിക്ക് ലഭ്യമാവുന്ന പ്രതീക്ഷയുടെ തിളക്കമാണിവ.  ഇത്തരം പ്രത്യാശയുടെയും പ്രതീക്ഷയുടെയും മറ്റൊരു പരിപ്രേക്ഷ്യമാണ്

" ഒരു ദീപനാളം തെളിക്കു, കണ്ണില്‍

ഒരു സൂര്യബിംബം നിറയ്ക്കു....

ഒരു പുഷ്പവര്‍ണ്ണം വിടര്‍ത്തു, ഉള്ളില്‍

ഒരു നല്‍വസന്തം വളര്‍ത്തു...."

ജീവന്‍റെ ആഘോഷമാണ് ഇവിടെയെല്ലാം സവിസ്തരം ആശയതീക്ഷ്ണതയോടും  ആശയഗാംഭീര്യത്തോടും വിവരിച്ചിരിക്കുന്നത്.  ജീവിതത്തെ മനുഷ്യത്വരഹിതമാക്കുന്ന ചെയ്യുന്ന എല്ലാ സാമ്രാജ്യത്വശക്തികളെയും അഭിമുഖീകരിച്ചുകൊണ്ട് ആ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഘോഷമാക്കാന്‍ ശ്രമിക്കുന്ന ഒരാത്മീയതഅതാണ് പാടാമൊന്നായ്.

അഷി സാറാ ഉമ്മന്‍

റിസര്‍ച്ച് സ്കോളര്‍, തമിഴ്നാട് തിയോളജിക്കല്‍ സെമിനാരി, മധുര